60-65 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ 10 നും 60 നും ഇടയ്ക്കു പ്രായമുള്ളവര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് വിദഗ്ധസമിതി.
കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദര്‍ശനത്തിന് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ ഭക്തര്‍ അപ്ലോഡ് ചെയ്യണം. ഇവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും. ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ ഉള്ളവര്‍ അത് കൈയ്യില്‍ കരുതണം. പരമ്പരാഗത പാതകളിലൂടെയുള്ള സന്ദര്‍ശനം അനുവദിക്കില്ല. മറ്റു കാനനപാതകള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ അടയ്ക്കും.60 മുതല്‍ 65 വയസ്സിന് ഇടയില്‍ പ്രായമുള്ളവരില്‍ ഗുരുതരമായ രോഗങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും. സന്നിധാനത്തും ഗണപതി കോവിലിലും താമസം അനുവദിക്കില്ല. തിങ്കള്‍ മുതല്‍ വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും ശനി ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും പ്രവേശനം അനുവദിക്കും. മണ്ഡലപൂജയ്ക്കും -മകരവിളക്കിനും നിയന്ത്രണ വിധേയമാക്കി അയ്യായിരം പേരെ പ്രവേശിപ്പിക്കാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ക്ഷേത്രദര്‍ശനം സംബന്ധിച്ച് ശബരിമല ക്ഷേത്രതന്ത്രി അധികാരികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിമാസ പൂജയ്ക്കായി നട തുറക്കുന്നത് അഞ്ചില്‍ നിന്ന് 10 ദിവസം ആക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ശബരിമലയിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു