പ്ലസ് വണ്‍ ഹ്യുമാനിറ്റീസിന് ജില്ലയില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണം- ജില്ലാ വികസന സമിതി

0

ആദിവാസി- ഗോത്ര വര്‍ഗ വിദ്യാര്‍ഥികളുടെ കൂടി സൗകര്യാര്‍ഥം വയനാട് ജില്ലയില്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആദിവാസി കുട്ടികളില്‍ സയന്‍സ് വിഭാഗം ഓപ്റ്റ് ചെയ്യുന്നവര്‍ വളരെ കുറവായതിനാല്‍ ജില്ലയില്‍ ഹ്യുമാനിറ്റീസിനാണ് ആവശ്യക്കാര്‍ കൂടുതെന്ന് യോഗത്തില്‍ വിഷയം ഉന്നയിച്ച സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.

കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്‍പെഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷത വഹിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വളരെ അത്യാവശ്യം ഉദ്യോഗസ്ഥരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ജില്ലാ വികസന സമിതി യോഗം. വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെയും എം.എല്‍.എ ഫണ്ടുകളുടെയും നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി. കോവിഡിനിടയിലും പദ്ധതി നിര്‍വ്വഹണത്തില്‍ വീഴ്ച ഉണ്ടാവരുതെന്നും ഫണ്ട് വിനിയോഗം വേഗത്തിലാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ ഒരു കാലതാമസവും ഉണ്ടാകാന്‍ പാടില്ലെന്ന് സര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതായും കലക്ടര്‍ പറഞ്ഞു.

മുനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് ജില്ലയ്ക്ക് അധിക ഫണ്ട് അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് സ്‌കില്‍ പാര്‍ക്കും പരിശീലന കേന്ദ്രവും ഉള്‍പ്പെടെ വിപുലമായ ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടത്താന്‍ യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍, രാഹുല്‍ഗാന്ധി എം.പി.യുടെ പ്രതിനിധി  കെ.എല്‍ പൗലോസ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭദ്ര നായര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!