തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി കൂടുതൽ വാക്സിനുകൾ എത്തി. 2, 20, 000 ഡോസ് കോവിഷീൽഡ് വാക്സിൻ ആണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റു ജില്ലകളിലേക്കും വാക്സിൻ വിതരണം ചെയ്യും. നേരത്തെ 50 ലക്ഷം വാക്സിൻ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.
നിലവിൽ 3,68,840 ഡോസ് വാക്സിൻ ആണ് കേരളത്തിൽ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ വാക്സിനുകൾ കേരളത്തിന് ആവശ്യമുണ്ടെന്നും എങ്കിൽ മാത്രമേ ബുക്കിങ് സ്വീകരിക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.അതേസമയം, പതിനെട്ട് വയസിനു മുകളിൽ ഉള്ളവർക്ക് കോവിഡ് വാക്സിനേഷന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം. കോവിൻ ആപ്പിലൂടെ നാലുമണിമുതൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. വൈകുന്നേരം നാലുമണി മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. പതിനെട്ടു വയസിനു മുകളിലുള്ളവർക്ക് മെയ് ഒന്നാം തിയതി മുതൽ വാക്സിൻ നൽകിത്തുടങ്ങും.