വ്യായാമം ചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഇന്ത്യക്കാരന് യുഎഇയില്‍ തടവുശിക്ഷ

0

വ്യായാമം ചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് ദുബൈയില്‍ ആറുമാസം തടവുശിക്ഷ. ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി ഉത്തരവിട്ടു.ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബര്‍ ദുബൈയിലെ വീടിന് സമീപം വ്യായാമം ചെയ്യുകയായിരുന്ന യുവതിയെ ഇന്ത്യക്കാരന്‍ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് പ്രതിയായ 40കാരന്‍ പറഞ്ഞു. രാത്രി 10.30ഓടെയാണ് ലൈംഗിക അതിക്രമം സംബന്ധിച്ച വിവരം ദുബൈ പൊലീസ് കമാന്‍ഡ് റൂമില്‍ ലഭിക്കുന്നത്. പട്രോളിങ് നടത്തുകയായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന യുവതിയെയാണ് അവര്‍ കണ്ടത്.വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പ്രതി തന്റെ അടുത്തെത്തുകയും സുന്ദരിയാണെന്ന് പറഞ്ഞ ശേഷം കടന്നുപിടിക്കുകയുമായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷം ഇയാള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ പ്രതിയെ പിടികൂടുകയും യുവതി ഇയാളെ തിരിച്ചറിയുകയും ചെയ്തു. യുവതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായാണ് താന്‍ കുറ്റം ചെയ്തതെന്ന് സമ്മതിച്ച പ്രതി മാപ്പപേക്ഷിച്ചു. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ലൈംഗിക അധിക്ഷേപത്തിനും നിയമവിരുദ്ധമായി മദ്യപിച്ചതിനും ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നെന്ന് വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു. പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!