കേരളത്തില്‍ അതിതീവ്ര മഴയ്ക്ക്  സാധ്യത – വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് 

0

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റണം. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി  ആളുകളെ മാറ്റി താമസിപ്പിക്കണം, പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള ഗതാഗതം പരമാവധി ഒഴിവാക്കേണ്ടതാണ്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍്ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

നദികളില്‍ ജലനിരപ്പുയരാനുള്ള സാധ്യതയുള്ളതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.

ശക്തമായ കാറ്റ് വീശുന്നതിനാല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!