അഞ്ചു പതിറ്റാണ്ടുകാലത്തെ ആത്മീയജീവിത ഓര്‍മ്മകളുമായി പൗലോസ് കോര്‍ എപ്പിസ്‌കോപ്പ

0
പുല്‍പ്പള്ളി: അഞ്ചു പതിറ്റാണ്ടുകാലത്തെ ആത്മീയജീവിതത്തിന്റെ ഓര്‍മ്മകളുമായി നാരകത്തുപുത്തന്‍പുരയില്‍ വന്ദ്യ പൗലോസ് കോര്‍ എപ്പിസ്‌കോപ്പ. പുല്‍പ്പള്ളി മീനംകൊല്ലിയിലെ വീട്ടിലാണ് അദ്ദേഹം ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നത്. പോയി മറഞ്ഞ നാളുകളെ കുറിച്ച് ഒരുപാട് കാര്യങ്ങളാണ് അദ്ദേഹത്തിന് പങ്കുവെക്കാനുള്ളത്. തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും വിരമിക്കുന്നത് വരെ അരനൂറ്റാണ്ടുകാലത്തെ ആത്മീയജിവിതത്തിന്റെ ചരിത്രമുണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍. 1935 നവംബര്‍ 15ന് നാരകത്തുപുത്തന്‍പുരയില്‍ ദാനിയേലിന്റെയും, കുഞ്ഞാമ്മയുടെയും മകനായി അദ്ദേഹം ജനിച്ചു. എറണാകുളം ജില്ലയിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി ഇടവകാംഗമായിരുന്ന അദ്ദേഹം പത്താംക്ലാസ് വരെ സണ്‍ഡെ സ്‌കൂളില്‍ പഠിച്ചു. കുന്നക്കുരുടി ഗവ. എല്‍ പി സ്‌കൂളിലും, കീഴില്ലം സെന്റ് തോമസ് ഹൈസ്‌ക്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1954-ല്‍ നാട്ടിലെ സ്ഥലം വിറ്റ് വയനാട്ടിലേക്ക് കുടിയേറി. പുല്‍പ്പള്ളിയില്‍ സ്ഥലം വാങ്ങി കുടുംബസമേതം താമസിച്ചു. 1955-ല്‍ തൃക്കൈപ്പറ്റ സ്വദേശിനിയായ അന്നമ്മയെ വിവാഹം കഴിച്ച് പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ ഇടവകാംഗമായി. ആദ്യകാലത്ത് സണ്‍ഡെ സ്‌കൂള്‍ അധ്യാപകനും, പ്രാര്‍ത്ഥനായോഗം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. 1972 കാലഘട്ടത്തില്‍ സഭയില്‍ ഭിന്നതയുണ്ടായപ്പോള്‍ അത് പ്രശ്‌ന പരിഹാരം കാണാന്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തില്‍ ഇപ്പോഴത്തെ ശ്രേഷ്ഠ കതോലിക്കാ ബാവയായ അഭിവന്ദ്യ തോമസ് മാര്‍ ദിവാന്നാസ്യോസ് തിരുമേനിക്കായിരുന്നു മലബാറിന്റെ ചുമതല. അദ്ദേഹം 1975 സെപ്റ്റംബര്‍ 13ന് പുത്തന്‍കുരിശ് മോര്‍ ഏല്യാ ചാപ്പലില്‍ വെച്ച് കോറുയോപട്ടം നല്‍കി. സണ്‍ഡെ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍, വിശ്വാസ സംരക്ഷണ മലബാര്‍ ഭദ്രാസന ഓര്‍ഗനൈസര്‍ സെക്രട്ടറി എന്നി ചുമതലകള്‍ ഏല്‍പ്പിച്ചു.  ഈ സമയത്ത് ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും സ്റ്റഡിക്ലാസെടുത്ത് വിശ്വാസികള്‍ക്കിടയില്‍ പരസ്പരസ്‌നേഹത്തിന്റെ വിത്തുകള്‍ ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് പെരുമ്പള്ളി ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി, മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍ യാക്കോബായ പള്ളിയില്‍ വെച്ച് 1975 ഡിസംബര്‍ ആറ് ഏഴ് തിയ്യതികളിലായി യൗപ്പത് മോക്കോ ശംസോന കാശീശോ പട്ടം നല്‍കി. മലബാര്‍ ഭദ്രാസനത്തിനെ വിവിധ പള്ളികളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തുപോന്നു. 1989 സെപ്റ്റംബര്‍ 21ന് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോല്‍ മോര്‍ പീലിക്‌സിനോസ് തിരുമേനി ചീയമ്പം മോര്‍ ബസേലിയോസ് തീര്‍ത്ഥാടനകേന്ദ്രം പള്ളിയില്‍ വെച്ച് കോറപ്പിസ്‌കോപ്പ സ്ഥാനം നല്‍കി. 2007-ല്‍ വിരമിച്ചെങ്കിലും വൈദികരുടെ കുറവ് മൂലം വികാരിയായി തന്നെ ശുശ്രൂഷ തുടര്‍ന്നു. 2015-ഏപ്രില്‍ അസൂഖം കാരണം തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ നിന്നും വിരമിച്ചു. ആത്മീയജീവിതത്തിനപ്പുറം സാമൂഹ്യമേഖലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വ്യാപിച്ചു. പുല്‍പ്പള്ളി ക്ഷീരസഹകരണ സംഘത്തിന്റെ സ്ഥാപകകാല പ്രസിഡന്റായി നാല് വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കുടിയേറ്റമേഖലയില്‍ കര്‍ഷക ആത്മഹത്യകളും മറ്റും പെരുകിയിരുന്ന കാലത്ത് വിശ്വാസികള്‍ക്ക് ആവശ്യമായ കൗണ്‍സിലുകള്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ നടത്തിയ വ്യക്തിത്തമായിരുന്നു അദ്ദേഹം. അക്കാലത്ത് കുടിയേറ്റമേഖലയിലെ കുടുംബങ്ങളെ ശിഥിലമാക്കിയിരുന്ന മദ്യപാനത്തിനും ലഹരിക്കുമെതിരെ അദ്ദേഹം പ്രവര്‍ത്തനമേഖല വ്യാപിപിപ്പിച്ചു. മണിക്കൂറുകളോളം നീണ്ട അദ്ദേഹത്തിന്റെ കൗണ്‍സിലിംഗിലൂടെ നിരവധി പേര്‍ ജീവിതം തിരികെ പിടിച്ചു. വര്‍ഷങ്ങളായി വേര്‍പിരിഞ്ഞുനില്‍ക്കുന്നവരെ നേരിട്ട് കണ്ട് സംസാരിക്കുകയും, പള്ളിയിലേക്ക് വിളിച്ചുവരുത്തി കൗണ്‍സിലിംഗുകള്‍ നടത്തി ഒന്നിപ്പിച്ച ചരിത്രവും പൗലോസ് കോര്‍ എപ്പിസ്‌കോപ്പക്ക് സ്വന്തമാണ്. പതിറ്റാണ്ടുകള്‍ക്ക് പിന്നിലാണ് പ്രവര്‍ത്തനമെന്നത് കൊണ്ട് വണ്ടിസൗകര്യങ്ങളും മറ്റും അപ്രാപ്യമായിരുന്ന കാലത്ത് വനമേഖലകളിലൂടെയും മറ്റും നടന്നുപോയാണ് ശുശ്രൂഷകളും മറ്റ് നടത്തിവന്നത്. വയസ് 83 ആയെങ്കിലും പോയകാലത്തെ കുറിച്ച് ഓര്‍ത്തെടുത്ത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം നിറയും. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തതും, മരണത്തെ മുഖാമുഖം കണ്ടതും, ഒടുവില്‍ ദൈവകൃപയും ആത്മീയശക്തിയും കൊണ്ട് ജീവിതം തിരികെ പിടിച്ചതുവരെ നീളും അദ്ദേഹത്തിന്റെ വാക്കുകള്‍.
Leave A Reply

Your email address will not be published.

error: Content is protected !!