നാടെങ്ങും തിരുവോണ ലഹരി; പകിട്ട് വീണ്ടെടുത്ത് ആഘോഷങ്ങള്‍

0

സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്. രണ്ട് വര്‍ഷം കോവിഡ് കവര്‍ന്നെടുത്ത ഓണം പഴയ പ്രൗഢിയോടെ വീണ്ടും ആഘോഷമാക്കുകയാണ് മലയാളികള്‍. ഓണക്കോടിയും, പൂക്കളവും, സദ്യവും, ഓണക്കളികളുമൊക്കെയായി ഒത്തുകൂടലിന്റെ ആഘോഷ തിമിര്‍പ്പിലാണ് ആളുകളെല്ലാം.

നാടെങ്ങും ഓണ ലഹരി നിറഞ്ഞിരിക്കുകയാണ്. മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി.’ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ചിന്തയാണിത്. ആ നിലയ്ക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു”, മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ”ഓണത്തിന്റെ ഈ ശുഭാവസരത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. മഹാബലി രാജാവിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം സത്യസന്ധത, അനുകമ്പ, ത്യാഗം എന്നീ ഉയര്‍ന്ന മൂല്യങ്ങളെ പ്രതീകവത്കരിക്കുന്നു. വയലുകളില്‍ പുതിയ വിളകളുടെ രൂപത്തില്‍ പ്രകൃതി മാതാവിന്റെ കനിവ് ആഘോഷിക്കുന്നതിനുള്ള ഒരു സന്ദര്‍ഭം കൂടിയാണിത്. ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ” എന്നദ്ദേഹം ആശംസിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!