ഗോത്രവിഭാഗങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കി പ്രമോട്ടര്‍മാരും വനംവകുപ്പും
സംസ്ഥാന വനാതിര്‍ത്തിയിലുള്ള ഗോത്രവിഭാഗങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കി പ്രമോട്ടര്‍മാരും വനംവകുപ്പും. നൂല്‍പ്പുഴ പഞ്ചായത്തിലെ പൊന്‍കുഴി കാട്ടുനായ്ക്ക, പണിയ കോളനികളിലെ 97 കുടുംബങ്ങള്‍ക്കാണ് റേഷന്‍ കടയില്‍ നിന്നും കാര്‍ഡനുസരിച്ച് അരിയും ഗോതമ്പും എത്തിച്ചുനല്‍കിയത്. സൗജന്യ റേഷന്‍ സാധനങ്ങള്‍ വിതരണം തുടങ്ങിയ അന്നുതന്നെ കോളനി വീടുകളില്‍ എത്തി റേഷന്‍ കാര്‍ഡും വാങ്ങാനുള്ള സഞ്ചികളുമായി പ്രമോട്ടര്‍മാരായ കനകരാജ്, ബാബു, രാജന്‍, മനു എന്നിവര്‍ മുത്തങ്ങയിലെ റേഷന്‍ കടയിലെത്തുകയായിരുന്നു. തുടര്‍ന്ന് കാര്‍ഡനുസരിച്ച് അരിയും ഗോതമ്പും വാങ്ങി സഞ്ചിയിലാക്കി. പിന്നീട് മുത്തങ്ങ റെയിഞ്ചിലെ പ്രകാശ്, സജീഷ്, രഘു, വിനോദ് എന്നീ ജിവനക്കാരുടെ സഹായത്താല്‍ വനംവകുപ്പിന്റെ ജീപ്പില്‍ കോളനിയില്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കുകയായിരുന്നു. കൂടാതെ വനാന്തര ഗ്രാമമായ മുത്തങ്ങ കുമഴിയിലും ഇത്തരത്തില്‍ റേഷന്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കി.