തയാറെടുപ്പുകള്‍ പൂര്‍ത്തിയായി; 75ാംസ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി സംസ്ഥാനം
ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് പുറമെ ജില്ലാ തല ആഘോഷങ്ങള്‍ക്കുമുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കനത്ത സുരക്ഷയാണ ഒരുക്കിയിരിക്കുന്നത്.ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓഫീസുകളിലും, മന്ത്രിമാരുടെ ഔദ്യോഗിക വാസതികളിലും ദേശീയപതാക ഉയര്‍ത്തി. സിനിമാ മേഖലയിലെ പ്രമുഖരടക്കം ആഘോഷങ്ങളുടെ ഭാഗമായി. പ്രൗഡഗംഭീരമായ ചടങ്ങുകളാണ് ഇക്കുറി സ്വാതന്ത്ര്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.നാളെ രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ചടങ്ങില്‍ സംസ്ഥാനത്തെ വിവിധ സേനാ വിഭാഗങ്ങളുടെ പരേഡിനെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്യും. പോലീസ് കമാന്‍ഡോ സംഘം മുതല്‍ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും. സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് പുറമെ ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ പതാക ഉയര്‍ത്തും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി സംസ്ഥാന വ്യാപകമായി തന്നെ ഇക്കുറി ആഘോഷങ്ങളുണ്ടാകും. വന്‍ സുരക്ഷയാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്. നഗര കേന്ദ്രങ്ങളില്‍ പ്രത്യേക ഗതാഗത നിയന്ത്രണമുണ്ടാകും. രാത്രികാല പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന തല ആഘോഷങ്ങങ്ങളടക്കം പോലീസിന്റെ പ്രത്യേക നിരീക്ഷണ വലയത്തിലാകും നടക്കുക.