എല്‍ഡിഎഫ് മാര്‍ച്ച് നടക്കേണ്ടത് മുഖ്യമന്ത്രിയുടെ വീട്ടിലേക്കെന്ന് യുഡിഎഫ്

0

രാക്കുരുക്ക് വിഷയത്തില്‍ എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തുന്ന ഇടതുമുന്നണിക്ക് മറുപടിയുമായി യുഡിഎഫ് നേതൃത്വം. ഇടതുമുന്നണി മാര്‍ച്ച് നടത്തേണ്ടത് മുഖ്യമന്ത്രി പിണറായിയുടെ വീട്ടിലേക്കാണെന്ന് യുഡിഎഫ് നേതൃത്വം. പാത അടക്കുന്നതിന് അനുകൂലമായ പരാമാര്‍ശങ്ങള്‍ ഒളിപ്പിച്ചുവെച്ച് പുതിയ സത്യവാങ്മൂലവും, ബദല്‍പാതകള്‍ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലങ്ങളും സൃഷ്ടിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന ഗൂഢാലോചനകളിലാണന്നും യുഡിഎഫിന്റെ ആരോപണം.എന്‍എച്ച് 766ന് ബദലായി ചിക്കബര്‍ഗി റോഡ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ നല്‍കിയ കത്ത് പുറത്താകുകയും തുടര്‍ന്ന് ഇടുതപക്ഷവും യുവജനപ്രസ്ഥാനവും നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കും മറുപടിയുമായാണ് യുഡിഎഫ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ജില്ലയിലെ ഇടതുമുന്നണി നേതൃത്വം അവരുടെ കഴിവുകേട് മറച്ചുവെക്കാനാണ് പിന്‍വലിച്ച കത്തുമായി എംഎല്‍എയുടെ മുന്നില്‍ വീരസ്യം കാണിക്കുന്നത്. മന്ത്രിക്ക് നല്‍കിയ കത്തിലെ പാകപ്പിഴവ് തിരുത്തുകയും ജീവനക്കാരനെതിരെ എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ജില്ലയിലെ എംഎല്‍എമാരെയും ആക്ഷന്‍കമ്മറ്റി ഭാരവാഹികളെയും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത് സത്യവാങ്മൂലത്തെ കുറിച്ച് ചര്‍ച്ചചെയ്യുകയും എന്നാല്‍ രണ്ട് ദിവസംമുമ്പേ ബദല്‍പാത ഉള്‍പ്പെടുത്തി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് എംഎല്‍എക്കെതിര സമരം നടത്തുന്നവര്‍ വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്‍എച്ച് 766 പൂര്‍ണ്ണമായും തുറക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ നടത്തിയ സമരം കഴിഞ്ഞ അഞ്ചുമാസത്തിനുശേഷം ഇക്കഴിഞ്ഞ 20നാണ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. സര്‍ക്കാറിന്റെ ഈ മെല്ലപ്പോക്ക് നയത്തില്‍ പ്രതിഷേധിച്ചാണ് ആക്ഷന്‍കമ്മറ്റിയില്‍ നിന്നും യുഡിഎഫ് വിട്ടതെന്നും നേതാക്കള്‍ പറഞ്ഞു. കൂടാതെ യുഡിഎഫിന്റെ പിന്‍മാറ്റത്തെ വിമര്‍ശിക്കുന്ന ബിജെപി കള്ളന് കഞ്ഞിവെക്കുകയാണ് ചെയ്യുന്നതെന്നും, കേന്ദ്ര പരിസ്ഥി മന്ത്രാലയം വിഷയം പഠിക്കാന്‍ ഉപസമിതിയെ വെക്കാമെന്ന പറഞ്ഞ വാക്ക് പാലിക്കപ്പെട്ടില്ലന്നും ഇതിന്റെ കാരണം ബിജെപി നേതൃത്വം വിശദീകരിക്കണമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!