ജില്ലയില്‍ കൂടുതല്‍ വ്യവസായങ്ങളാരംഭിക്കും
ജില്ലയില്‍ കൂടുതല്‍ വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴില്‍ തിരുനെല്ലി, പള്ളിക്കുന്ന്, പുല്‍പ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ നെയ്ത്ത്-നൂല്‍പ്പ് കേന്ദ്രങ്ങള്‍ സൃഷ്ടിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കും.
കൈത്തറിയും ടെക്സ്റ്റയില്‍സ് വകുപ്പിന്റേതായി യുവവീവ് പദ്ധതി, ഒരു വീട്ടില്‍ ഒരു തറി പദ്ധതി നടപ്പിലാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലയില്‍ മാത്രം വ്യവസായ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള സംരഭക സഹായ പദ്ധതി പ്രകാരം 6.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശാ പദ്ധതി പ്രകാരം 1.75 ലക്ഷവും, ഹൗസ് ഹോള്‍ഡ് സ്‌കീം പ്രകാരം 1 ലക്ഷം രൂപയും സബ്സിഡികള്‍ അനുവദുച്ചിട്ടുണ്ട്.സംരഭകര്‍ക്കായി നൈപുണ്യ വികസന പരിപാടി, കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം, വിവിധ നിക്ഷേപ സംഗമങ്ങള്‍, ടെക്നോളജി ക്ലിനിക് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വ്യവസായ എക്സിബിഷനുകളും സംഘടിപ്പിക്കാറുണ്ട്. അതോടൊപ്പം തന്നെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ എന്റെ ഗ്രാമം പദ്ധതി പ്രകാരം 34 യൂണിറ്റുകള്‍ക്ക് 40 ലക്ഷം രൂപ മാര്‍ജിന്‍ മണിഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.