പുലിയെ പിടികൂടാൻ വനംവകുപ്പ് കൂടു സ്ഥാപിച്ചു
സുൽത്താൻബത്തേരി ടൗണിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കൂടു സ്ഥാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരമായി പുലിയെത്തിയ കോട്ടക്കുന്ന് പുതുശ്ശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടുമുറ്റത്ത് വനം വകുപ്പ് കൂടു സ്ഥാപിച്ചത്.
പോൾ മാത്യൂസിന്റെ വീടിനു പുറകിൽ കോഴിക്കൂടിന് സമീപമാണ് പുലിയെ പിടികൂടാൻ കൂട് വെച്ചിരിക്കുന്നത് . ഇതിനോട് ചേർന്ന് രണ്ട് നിരീക്ഷണ ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പുലിയെ ആകർഷിക്കാൻ കൂട്ടിൽ കോഴികളെയാണ് ഇരയായി വെച്ചിരിക്കുന്നത്. സമീപത്തെ കോഴിക്കൂട് തകര ഷീറ്റ് കൊണ്ട് മറയ്ക്കുകയും ചെയ്തിട്ടുണ്ട്. പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ആണ് പുലിയെ പിടികൂടാൻ ഇന്ന് ഉച്ചയോടെ ഉത്തരവിറക്കിയത്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ പുലിയെ ഉടനെ കാട്ടിൽ തുറന്നു വിടണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.