മാനന്തവാടിയില്‍ മത്സ്യ വ്യാപാര കേന്ദ്രം അടച്ച് പൂട്ടാന്‍ നഗരസഭ ഉത്തരവ്
മാനന്തവാടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന മത്സ്യ മൊത്ത വ്യാപാര കേന്ദ്രം അടച്ച് പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടു. വ്യാപക കേന്ദ്രത്തിന് ബദല്‍ സംവിധാനമൊരുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഭിന്നതയുള്ളതായും ആരോപണം ഉയരുന്നുണ്ട്.
നഗരസഭയിലെ ആറാം ഡിവിഷനില്‍പ്പെട്ട എരുമത്തെരുവ് – ചെറ്റപ്പാലം ബൈപ്പാസ് റോഡിലെ മത്സ്യ മാര്‍ക്കറ്റ് അടച്ചുപൂട്ടാനാണ് നഗരസഭ ഉത്തരവ് നല്‍കിയിരിക്കുന്നത്. വാഴയില്‍ തങ്കച്ചന്‍, പെരുംകുഴി കുര്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ലൈസന്‍സില്ലാതെയും, പരിസര മലിനീകരണമുണ്ടാക്കുന്നതും, വൃത്തിഹീനമായും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ആയ തരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് മാനന്തവാടി നഗരസഭ സെക്രട്ടറി ഉത്തരവിട്ടത്. 1994-ലെ മുനിസിപ്പാലിറ്റി ആക്ട് 460,461,462,463,464,465,466 എന്നീ വകുപ്പിന്റെ ലംഘനമാണെന്നതിനാല്‍ നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളില്‍ ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് വിവരം രേഖാമൂലം നഗരസഭാ ഓഫീസില്‍ അറിയിക്കണമെന്നാണ് ഉത്തരവ്.
അതേസമയം ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ മാര്‍ക്കറ്റ് പൂട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച രൂക്ഷമായ വാക്ക് തര്‍ക്കത്തിനുമിടയാക്കി.ലീഗും, കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും നടപടിയെ അനൂകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്ത് വന്നു.മാര്‍ക്കറ്റ് പൂട്ടുന്നതിനെ അനൂകൂലിക്കുകയും എന്നാല്‍ ബദല്‍ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന നിലപാടിലാണ് പ്രതിപക്ഷം, മാര്‍ക്കറ്റിനെതിരെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ സെക്രട്ടറിക്ക് പരാതിയും നല്‍കിയിട്ടുണ്ട്
മാലിന്യസംസ്‌കരണത്തിന് മതിയായ സൗകര്യങ്ങള്‍ ഒരുക്കി, മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി ലഭ്യമാക്കണമെന്നും, അല്ലാത്തപക്ഷം ഉടമകളുടെ നഷ്ടോത്തരവാദിത്വത്തില്‍ സ്വകാര്യമാര്‍ക്കറ്റ് ഡിപ്പാര്‍ട്ട്‌മെന്റലായി അടച്ചുപൂട്ടുമെന്നും, ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിച്ച്, നഗരസഭയുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതും, ആയതിനുള്ള ചെലവ് ഉടമകളില്‍ നിന്നും നഗരസഭ ഈടാക്കുന്നതുമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുമ്പും മാര്‍ക്കറ്റ് അടച്ച് പൂട്ടിയിരുന്നു