സ്‌കോളര്‍ഷിപ്പോടെ ജെ.ആര്‍.എഫ്. വിശാഖ് നാടിന്റെ അഭിമാനം

0

ജില്ലയില്‍ ആദ്യമായി എസ്.റ്റി. വിഭാഗത്തില്‍ നിന്ന് യു.ജി.സി സ്‌കോളര്‍ഷിപ്പോടുകൂടി ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതനേടി നാടിന്റെയും സമുദായത്തിന്റെയും അഭിമാനമായിരിക്കുകയാണ് വിശാഖ്. മാനന്തവാടിയിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നിന്നാണ് വിശാഖ് ഈ നേട്ടം കൈവരിച്ചത്.

ജോലി നേടി കുടുംബത്തിന്റെ അത്താണിയായി സ്വയം മാറാനുള്ള വിശാഖിന്റെ ആഗ്രഹമാണ് സഫല മാകുന്നത്.എടത്തന ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍പഠനം മാനന്തവാടി ഗവണ്‍മെന്റ് കോളേജിലായിരുന്നു.ആധുനിക പഠന സഹായികളായ ലാപ് ടോപ്,സ്മാര്‍ട് ഫോണ്‍ തുടങ്ങിയവയൊന്നും വിശാഖിനില്ല. നല്ലവരായ കൂട്ടുകാരുടെ ഫോണിലാണ് സെര്‍ച്ച് ചെയ്തു റെഫറന്‍സ് നടത്തുന്നത്. കൂടാതെ അധ്യാപകരായ ഗണേഷ് സാറിന്റെയും കോളേജ് ഡയറക്ടര്‍ അനില്‍ സാറിന്റെയും പിന്തുണയും. ഉന്നത വിദ്യാഭ്യാസത്തിനായി എസ്ടി വിഭാഗത്തിന് നല്‍കി വന്നിരുന്ന ലാപ്‌ടോപിന് അപേക്ഷിച്ചെങ്കിലും വിശാഖിനു ലഭിച്ചില്ല. 40 ശതമാനം കാഴ്ചക്കുറവുള്ള വിശാഖിനു ലഭിച്ച ഈ ജെആര്‍എഫ് യോഗ്യതക്ക് ഡോക്ടറേറ്റിനെക്കാളും തിളക്കമാണ്. മാനന്തവാടി ബിഎഡ് സെന്ററില്‍ രണ്ടാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ വിശാഖ് വാളാട് എടത്തനാ കോശാലി പുത്തന്‍ മിറ്റം വിനോദിന്റെയും ശാന്തയുടെയും മകനാണ്.അമ്മ ശാന്ത തൊഴിലുറപ്പ് തൊഴിലാളിയാണ്. ഒഴിവ് ദിനങ്ങളില്‍ വിശാഖും കൂലി പണിക്കു പോയാണ് ജീവിത ചിലവിനുള്ള വക കണ്ടെത്തുന്നത്. ജില്ലയില്‍ നിന്നും എസ്ടി വിഭാഗത്തില്‍ ഐഎഎസിന് യോഗ്യതനേടിയ ധന്യ സുരേഷ് വിശാഖിന്റെ മാതൃ സഹോദരി പുത്രിയായതും വിശാഖിന്റെ പഠനത്തിന് പ്രചോദനമായി. വലിയ ആഗ്രഹങ്ങളൊന്നും വിശാഖിനില്ല. ഒരു സര്‍ക്കാര്‍ ജോലി പിന്നീട് ഡിഗ്രി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വീട്ടില്‍ നില്‍ക്കുന്ന അനിയന്റെതുടര്‍ വിദ്യാഭ്യാസം, പിന്നെ ഷീറ്റുകൊണ്ടു മൂടിയ തന്റെ കൊച്ചു കൂരയുടെ സ്ഥാനത്തു നനയാതെ കിടക്കാന്‍ ഒരു നല്ല വീട്. പക്ഷെ അതിനു മുന്‍പ് ഒരു ഗുരുവിനെ കണ്ടെത്തണം റിസര്‍ച്ചിനായി. അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് വിശാഖ്.

Leave A Reply

Your email address will not be published.

error: Content is protected !!