പി.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു കര്‍ശന ഉപാധികളോടെയാണ് ജാമ്യം
പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പി.എഫ്.ഐ പ്രവര്‍ത്തകര്‍ മാനന്തവാടി ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് 17 ദിവസമായി റിമാണ്ടില്‍ കഴിയുകയായിരുന്ന 85 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ജഡ്ജാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.ഇക്കഴിഞ്ഞ സെപ്തംബര്‍ 25 നായിരുന്നു ഡി.വൈ.എസ്.പി. ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ആള്‍ ജാമ്യത്തോടൊപ്പം ഓരോരുത്തരും 50000 രൂപ കെട്ടിവെക്കേണ്ടതായി വന്നു. കൂടാതെ ജാമ്യ കാലയളവില്‍ പ്രതികള്‍ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ പ്രവേശിക്കരുത്. മൂന്ന് മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഒപ്പിടണം.കോടതി അനുമതി ഇല്ലാതെ സംസ്ഥാനം വിടരുത്. എല്ലാവരുടേയും പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണം. ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങി വിവിധ വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.