കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം,ഒരു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് നിയമസഭാ പെറ്റീഷന്‍ സമിതി.വനം വകുപ്പ് പിടിച്ചെടുത്ത കാഞ്ഞിരങ്ങാട് വില്ലേജിലെ ജോര്‍ജ്ജിന്റെ ഭൂമിയിലും പരിസരങ്ങളിലും സമിതിയംഗങ്ങള്‍ സ്ഥല പരിശോധന നടത്തി.രണ്ടാഴച്ചക്കം മാനന്തവാടി സബ്കളക്ടര്‍ ഭൂമി വിഷയം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് പെറ്റീഷന്‍ സമിതിക്ക് സമര്‍പ്പിക്കും.ഇത് കൂടി പരിഗണിച്ചായിരിക്കും സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുക.
രാവിലെ 11 മണിയോടെയാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമി സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി സമിതിയംഗങ്ങള്‍ സ്ഥലപരിശോധനക്കായി തൊണ്ടര്‍നാടെത്തിയത്.സമിതി അദ്ധ്യക്ഷനായ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ ക്ക് പുറമെ എം എല്‍ എ മാരായ സികെ ശശീന്ദ്രന്‍,ഉബൈദുള്ള,വി പി സജീന്ദ്രന്‍,ആര്‍ രാമചന്ദ്രന്‍,എന്നിവരും വനം,റവന്യു,സര്‍വ്വെ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥകരുമാണ് സ്ഥല പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.ഹരിതസേനാ സംസ്ഥാന ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് സമിതി സ്ഥലം നേരിട്ട് പരിശോധനക്കായെത്തിയത്.സ്ഥലത്തെത്തിയ സമിതിയംഗങ്ങള്‍ വനം വകുപ്പ് പിടിച്ചെടുത്ത ഭൂമിയിലുള്ള കാര്‍ഷിക വിളകളും ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന സ്വകാര്യ കൃഷിയിടങ്ങളും പരിശോധിച്ചു.റവന്യു വകുപ്പിന്റെയും സര്‍വ്വെ വകുപ്പിന്റെയും പ്രതിനിധകള്‍ വനം വകുപ്പിനുണ്ടായ വീഴ്ചകള്‍ സമിതിക്ക് മുമ്പില്‍ അവതരിപ്പിച്ചു.വനം വകുപ്പുദ്യോഗസ്ഥരും തങ്ങളുടെ ഭാഗങ്ങള്‍ സമതിക്ക് മുമ്പില്‍ അവതരിപ്പിച്ചു.തുടര്‍ന്ന് കൂട്ടപ്പാറ സാസ്‌കാരിക നിലയത്തില്‍ വെച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ കേട്ടശേഷമാണ് സമതിയംഗങ്ങള്‍ തീരുമാനമറിയിച്ചത്.പ്രഥമദൃഷ്ട്യാ വനം വകുപ്പിന് വീഴ്ച സംഭവിച്ചതായി സമിതിക്ക് ബോധ്യമായതായാണ് സൂചന.അടുത്ത ഒരാഴ്ചക്കകം വനം വകുപ്പും റവന്യു വകുപ്പും സബ്കളക്ടര്‍ക്കും പെറ്റീഷന്‍ സമതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമായിരിക്കും സമിതി സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത്.