കാറിനുനേരെ കാട്ടാന ആക്രമണം
പുല്‍പള്ളി-മാനന്തവാടി റോഡില്‍ കുറിച്ചിപ്പറ്റയ്ക്കും പാക്കത്തിനും ഇടയിലുള്ള കടുക്കമലച്ചാലില്‍ വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. പുല്‍പള്ളിയിലെ വ്യാപാരിയായ എം.ജി. സുമേഷ് രാത്രി പാക്കത്തെ വീട്ടിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കാട്ടില്‍നിന്നും റോഡിലേക്ക് കുതിച്ചെത്തിയ കാട്ടാന കൊമ്പുകുത്തി കാര്‍ കുത്തിമറിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. കാര്‍ വെട്ടിച്ചുമാറ്റി, വേഗത്തില്‍ പോയതിനാല്‍ വലിയ അപകടമൊഴിവായി. ആനയുടെ കൊമ്പിന്റെ കുത്തേറ്റ് കാറിന്റെ ഡ്രൈവറുടെ വശത്തെ മുന്നിലേയും പിന്നിലേയും ഡോറുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് മുമ്പും ഈ ഭാഗത്തുവെച്ച് വാഹന യാത്രക്കാര്‍ക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്.