കാര്‍ഷിക പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണും: പ്രിയങ്ക ഗാന്ധി

0

പുല്‍പ്പള്ളി: വയനാടിന്റെ കാര്‍ഷിക പ്രശ്‌നങ്ങളുള്‍പ്പടെയുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ പരിഹരിക്കുമെന്ന് പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ ഉറപ്പ് നല്‍കി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ചെയ്ത പോലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും. ബാങ്ക് വായ്പ എടുത്ത് തിരിച്ചടക്കാന്‍ പറ്റാത്ത കര്‍ഷകരുടെ മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കു വേണ്ടി റെയില്‍ ബഡ്ജറ്റ് മാതൃകയില്‍ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പുല്‍പ്പള്ളിയില്‍ പറഞ്ഞു.

നിശ്ചയിച്ചതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് പ്രിയങ്ക ഗാന്ധി കര്‍ഷക സംഗമ വേദിയിലെത്തിയത്. തുടര്‍ന്ന് സംസാരിച്ച പ്രിയങ്ക ഗാന്ധി കര്‍ഷകരുടെ പ്രശ്‌നങ്ങളും അവപരിഹരിക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ചെയ്ത പോലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും. ബാങ്ക് വായ്പ എടുത്ത് തിരിച്ചടക്കാന്‍ പറ്റാത്ത കര്‍ഷകരുടെ മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കും. പന്ത്രണ്ടാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസം, പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ന്യായ് പദ്ധതി പ്രകാരം ഓരോ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കും. വയനാട്ടിലെ പ്രധാന കാര്‍ഷിക വിളകളായ കുരുമുളക്, കാപ്പി, നെല്ല് എന്നിവിളകളുടെ വിലത്തകര്‍ച്ച പരിഹരിക്കാന്‍ നടപടിയുണ്ടാവുമെന്ന പ്രിയങ്കയുടെ വാക്കുകള്‍ ഹര്‍ഷിഷാരവത്തോടെയാണ് ഒത്തുകൂടിയവര്‍ ഏറ്റുവാങ്ങിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. അധികാരത്തിലേറിയപ്പോള്‍ കര്‍ഷകരെ അവര്‍ മറന്നുവെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇത് ഉത്തര്‍പ്രദേശിലെ കര്‍ഷക ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചപ്പോള്‍ തനിക്ക് മനസ്സിലായെന്നും ഇതു തന്നെയാണ് വയനാട്ടിലെ കര്‍ഷകരുടെ അവസ്ഥയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ദുര്‍ബലനായ ഭരണവും പ്രധാനമന്ത്രിയുമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളെ ദേശീയതയുടെ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഇന്ത്യയെ കുറിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളെയും പറ്റി പറയാതെ പാക്കിസ്ഥാനെ കുറിച്ച് സംസാരിക്കാനാണ് മോദി ഇഷ്ടപെടുന്നത്. നിങ്ങളെ ആദരിക്കുന്ന നിങ്ങളെ കേള്‍ക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പു വരുത്തുമെന്നും അവര്‍ പറഞ്ഞു. പ്രിയങ്കയോടൊപ്പം കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു. കര്‍ഷക സംഗമത്തില്‍ പാളതൊപ്പിയടക്കം ധരിച്ച് സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!