തട്ടിക്കൊണ്ട് പോയ യുവാവിനെ വിട്ടയച്ചു; സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘം

0

മാനന്തവാടിയില്‍ നിന്നും നാടകീയമായി തട്ടിക്കൊണ്ട് പോയ യുവാവിനെ സംഘം വിട്ടയച്ചു. കൂത്തുപറമ്പ് ഓലായിക്കര ബദരിയ മന്‍സില്‍ അമീര്‍ (22) നെയാണ് വിട്ടയച്ചത്. പോലീസ് പ്രതികളെ തിരിച്ചറിയുകയും, ഏതു നിമിഷവും വലയിലാകുമെന്ന സൂചന ലഭിച്ചതോടെയുമാണ് സംഘം യുവാവിനെ വിട്ടയച്ചതെന്നാണ് സൂചന. തുടര്‍ന്ന് മാനന്തവാടി സ്റ്റേഷനിലെത്തിയ യുവാവിനെ കോടതിയില്‍ ഹാജരാക്കി. ഗള്‍ഫിലായിരുന്ന അമീറും കോഴിക്കോട് അതിര്‍ത്തി ഗ്രാമങ്ങളിലെ സ്വര്‍ണ്ണക്കടത്തുകാരും തമ്മില്‍ സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നത്.

സംഭവം നടന്ന തിങ്കളാഴ്ച രാത്രിമുതല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് വൈകാതെ തന്നെ പ്രതികളുടെ വിവരം മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് വീടുകളിലും തെരച്ചില്‍ നടത്തിയിരുന്നു. ഏതുനിമിഷവും തങ്ങള്‍ വലയിലാകുമെന്ന സൂചന ലഭിച്ചതോടെയാണ് യുവാവിനെ വിട്ടയച്ചതെന്നാണ് വിവരം. തന്നെ വിട്ടയച്ച സ്ഥലം വ്യക്തമല്ലെന്നാണ് യുവാവിന്റെ ഭാഷ്യം. വൈകുന്നേരത്തോടെ മാനന്തവാടി സ്റ്റേഷനിലെത്തിച്ച അമീറിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കി. അടുത്തിടെ ഗള്‍ഫില്‍ നിന്നും വന്ന അമീറും, താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളിലെ സ്വര്‍ണ്ണക്കടത്തുസംഘവുമായുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഘവും അമീറും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളുടെ ഭാഗമായി കതിരൂര്‍ സ്റ്റേഷനില്‍ പരാതിയും നിലനില്‍ക്കുന്നുണ്ട്. എന്തായാലും മാനന്തവാടിയെ ഞെട്ടിച്ച സംഭവത്തിന് പിന്നിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. വൈകാതെ തന്നെ പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് മാനന്തവാടി പോലീസ്.

Leave A Reply

Your email address will not be published.

error: Content is protected !!