ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന കാലിക പ്രസക്തമായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയിലാണ് ഗുരു സമാധിയടഞ്ഞത്.ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോഥാന ചരിത്രമാണ്. അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധ:സ്ഥിതര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു. സ്വഭാവത്തിലും പെരുമാറ്റത്തിലും ഏറെ പ്രത്യേകതയുണ്ടായിരുന്ന നാണു ആധ്യാത്മികതയിലൂന്നിയ നവോഥാന വഴികളിലേക്ക് സഞ്ചരിക്കുകയായിരുന്നു. മനുഷ്യസാഹോദര്യത്തില്‍ അധിഷ്ഠിതമായ ദാര്‍ശനികതയിലൂടെ അദ്ദേഹം സാമൂഹത്തിന്റെ വിവിധ മേഖലകളില്‍ തന്റേതായ ഇടപെടലുകള്‍ നടത്തിയതിനെ തുടര്‍ന്ന് ശ്രീ നാരായണഗുരു എന്ന നാമധേയത്തിന് ഉടമയായി മാറി.പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്.സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക വിപത്തുക്കള്‍ക്കെതിരെ അദ്ദേഹം സധൈര്യം രംഗത്തിറങ്ങി. ജന മനസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു.തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍.ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹത് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്.