ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി. ഏഴ് ദിവസത്തില്‍ താഴെ സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. സ്വന്തം വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തോത് കുറയുന്നതായി വീണാ ജോര്‍ജ് പറഞ്ഞു. ജനുവരി ആദ്യ ആഴ്ച്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കുറഞ്ഞു.
പരിശോധന കൂടിയിട്ടും കേസുകള്‍ കൂടുന്നില്ല. 42.47 ശതമാനം കൊവിഡ്, നോണ്‍ കൊവിഡ് രോഗികള്‍ മാത്രമാണ് ഐസിയുവിലുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. 15.2 ശതമാനം കൊവിഡ്, നോണ്‍ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 84 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.