സംസ്ഥാനത്ത് വിദേശ സമ്പര്‍ക്കമില്ലാത്ത 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതി ഉയരുന്നു. ഇതോടെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും എത്തിയിട്ടുണ്ട്.
കേരളത്തില്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 107 ആയി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നത്. കേരളത്തില്‍ ഇതുവരെ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്ന 52 പേര്‍ക്കും, ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്ന 41 പേര്‍ക്കും, സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കുമാണ് ഒമൈക്രോണ്‍ ബാധിച്ചത്.
സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചവരില്‍ 2 പേര്‍ക്കാണ് വിദേശ സമ്പര്‍ക്കം ഇല്ലാത്തത്. രോഗബാധിതര്‍ തിരിച്ചറിയാനായി ആന്റിജന്‍ പരിശോധനകള്‍ നടത്തണമെന്നും, രോഗബാധിതര്‍ ക്വാറന്റെയ്നില്‍ പ്രവേശിപ്പിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാത്രമേ ഒമൈക്രോണ്‍ വ്യാപനം നിയന്ത്രിക്കാന്‍ കഴിയു എന്നാണ് വ്യക്തമാക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഏറെപ്പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.