തീര്‍ക്കാന്‍ കഴിയില്ലെങ്കില്‍ ഏറ്റെടുക്കരുത്, നിര്‍മ്മിതി കേന്ദ്രക്കെതിരെ ടൂറിസം മന്ത്രി

0

പടിഞ്ഞാറത്തറ: ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ടൂറിസം വകുപ്പ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ഒരു കോടി രൂപയുടെ പ്രവൃത്തികളേറ്റെടുത്ത് മൂന്ന് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാത്തതില്‍ നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊതുവേദിയില്‍ വെച്ച് നിര്‍മ്മിതികേന്ദ്രയുടെ ഉത്തരവാദപ്പെട്ടവരെ മന്ത്രി വിമര്‍ശിച്ചത്. കര്‍ളാട് ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം.

ഡി.ടി.പി.സിക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലെ നിര്‍മാണ പ്രവൃത്തികളെല്ലാം ഏറ്റെടുത്ത് സബ് കോണ്‍ട്രാക്ട് നല്‍കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയാണ് ജില്ലാ നിര്‍മ്മിതി കേന്ദ്രം ചെയ്തു കൊണ്ടിരിക്കുന്നത്.കര്‍ളാട് ടൂറിസം കേന്ദ്രത്തില്‍ മൂന്ന് വര്‍ഷം മുമ്പാണ് ഒരു കോടി രൂപയുടെ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രം ഏറ്റെടുത്തത്.എന്നാല്‍ പദ്ധതിയിലുള്‍പ്പെട്ട പലതും ഇനിയും പൂര്‍ത്തിയായിട്ടില്ല.ഈ സാഹചര്യത്തിലാണ് പുതുതായി കര്‍ളാട് വിനോദ സഞ്ചാര കേന്ദ്രത്തിനനുവദിച്ച അഞ്ചു കോടി രൂപയുടെ പ്രവൃത്തിയും നിര്‍മ്മിതി കേന്ദ്രയെ ഏല്‍പ്പിച്ചത്.ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ മന്ത്രിക്ക് പരാതി നല്‍കിയത്.കാര്യം ബോധ്യപ്പെട്ട മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ നിര്‍മ്മിതിയുടെ മാനേജരോട് പ്രവൃത്തികള്‍ യഥാസമയം തീര്‍ക്കാന്‍ കഴിയില്ലെങ്കില്‍ ഏറ്റെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.ഒരു കോടി രൂപയുടെ പ്രവൃത്തികള്‍ തീര്‍ക്കാന്‍ മൂന്ന് വര്‍ഷം വേണ്ടി വന്നെങ്കില്‍ അഞ്ചു കോടിയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ എത്രവര്‍ഷം വേണ്ടി വരുമെന്നും മന്ത്രി ചോദിച്ചു.ചടങ്ങിലെത്തിയ ജീവനക്കാരും നാട്ടുകാരും കൈയ്യടിയോടുകൂടിയാണ് മന്ത്രിയുടെ വിമര്‍ശനത്തെ വരവേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!