വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവം; പിടിയിലായത് ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി

0

പടിഞ്ഞാറത്തറ: വീട് വളഞ്ഞ് കഞ്ചാവ് ഇടപാടുകാരെ പിടികൂടിയ സംഭവത്തിൽ ഇവർക്ക് കഞ്ചാവ് നൽകിയയാളെ പിടികൂടി. പൊഴുതന, പേരുംങ്കോട കാരാട്ട് വീട്ടിൽ കെ. ജംഷീർ അലി(40)യെയാണ് ലഹരി വിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ ദേവാലയിൽ നിന്നാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ 06.03.2025 ന് വൈകിട്ടോടെ ഇയാളെ പിടികൂടുന്നത്. നിരന്തര കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂർമട്ടം, കൂനൂർ, കെണിച്ചിറ, കൽപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളിലും, എക്സൈസിലും കൊലപാതകം, മോഷണം, പോക്സോ, ലഹരിക്കടത്ത്, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളുണ്ട്. തമിഴ്നാട് ഷോളർമറ്റം പോലീസ് സ്റ്റേഷൻ പരിധിയിൽ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊന്ന് കെട്ടിതൂക്കി കവർച്ച നടത്തിയ കേസിലും ഇയാൾ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടാതെ
ഇയാൾ കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടു കടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്.

05.03.2025 ന് രാത്രിയാണ് കാവുംമന്ദം സൊസൈറ്റിപടിയിലെ വീട്ടില്‍ നിന്ന് 2.115 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം, മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍, സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്‌സല്‍(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെ അറസ്റ്റ് ചെയ്തു. ജംഷീർ അലി ഉപയോഗിച്ച് വന്നിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇലക്ട്രോണിക് വെയ്റ്റ് മെഷീനും, പ്ലാസ്റ്റിക് കവറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ലഹരിവസ്തുക്കൾ ചില്ലറ വിൽപ്പന നടത്താനുള്ള ശ്രമമായിരുന്നു പോലീസ് പൊളിച്ചടുക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!