ഇരുപത് രൂപയ്ക്ക് ഊണ് നല്‍കുന്ന സുഭിക്ഷ ഹോട്ടലുകള്‍ എല്ലാ മണ്ഡലങ്ങളിലും;

0

 

ഇന്ധനവില വര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാര്‍ വിപണി ഇടപെടല്‍ ഫലപ്രദമായി നടത്തുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു ഭക്ഷ്യമന്ത്രി.ഇന്ധന വില വര്‍ധനയ്ക്കൊപ്പം ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭവും അതേത്തുടര്‍ന്ന് ഉത്പാദനത്തിലുണ്ടായ കുറവും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നേരിയ തോതിലേ വിലക്കയറ്റമുള്ളൂ. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം വിലക്കയറ്റം പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2016 ലെ വിലയില്‍ സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 13 ഇനം സാധനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ നല്‍കുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇതുപോലെ വിലക്കുറവില്‍ നല്‍കുന്നില്ല. പൊതുവിപണിയേക്കാള്‍ വില കുറച്ചാണ് സപ്ലൈകോ സാധനങ്ങള്‍ വില്‍ക്കുന്നതെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിച്ചു വരികയാണ്. 1851 കോടി രൂപ സബ്സിഡി ഉത്പന്നങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചു. കിറ്റ് വിതരണത്തിനായി 6000 കോടി ചെലവഴിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ല. സപ്ലൈകോ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വില കൂട്ടി വില്‍ക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും. കര്‍ഷക സമരത്തിന് ആധാരമായ നിയമം കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സപ്ലൈകോ മൂന്ന് കേന്ദ്രങ്ങളില്‍ കൂടി പെട്രോള്‍ പമ്പുകള്‍ തുടങ്ങും

ഇരുപത് രൂപയ്ക്ക് ഉച്ച ഊണ് നല്‍കുന്ന സുഭിക്ഷ ഹോട്ടലുകള്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തുടങ്ങും. അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണന കാര്‍ഡ് ഏപ്രില്‍ 15ന് മുന്‍പ് വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രി നിയമസഭയെ അറിയിച്ചു. സപ്ലൈകോ മൂന്ന് കേന്ദ്രങ്ങളില്‍ കൂടി പെട്രോള്‍ പമ്പുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുമേഖലാ എണ്ണക്കമ്പനികളുമായി ധാരണയില്‍ എത്തിയെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയെ അറിയിച്ചു.

റോജി എം ജോണ്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ റോജി എം ജോണ്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിലും വില വര്‍ധനയുണ്ട്. ഇക്കമോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്ക് ഇക്കാര്യം ശരിവെക്കുന്നു. പൊതുവിപണഇയില്‍ വില വര്‍ധനയുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചെന്നും റോജി എം ജോണ്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിപണി ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ വിപണിയില്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭക്ഷ്യമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!