OLX തട്ടിപ്പുകാരൻ സൽമാനുൽ ഫാരിസ് വീണ്ടും പിടിയിൽ
കൽപ്പറ്റ: OLX വഴി സാധനം വാങ്ങുന്നവരെയും വിൽക്കുന്നവരെയും തന്ത്രപൂർവ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നയാളെ ഗോവയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസിനെയാണ് വീണ്ടും വയനാട് സൈബർ ക്രൈം പോലീസ് വലയിലാക്കിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ എസ്.എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ ബിനോയ് സ്കറിയയും സംഘവുമാണ് ഗോവയിൽ നിന്നും പ്രതിയെ പിടികൂടിയത്.2021 ൽ അമ്പലവയൽ സ്വദേശിയെ കബളിപ്പിച്ച് 1,60000 രൂപ തട്ടിയെടുത്ത കേസിലാണ് സൽമാനുൽ ഫാരിസിനെ ആദ്യമായി പോലീസ് പിടികൂടുന്നത്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. 3 കേസുകളാണ് വയനാട്ടിൽ മാത്രം രജിസ്റ്റർ ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൽക്കത്ത പോലീസ് പിടികൂടിയതറിഞ്ഞ് കോടതി ഉത്തരവ് പ്രകാരം പ്രതിയെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരുമ്പോൾ ആന്ധ്രാപ്രദേശിൽ വച്ച് പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. വീണ്ടും വയനാട് പോലീസ് ഇയാളെ സിക്കിമിൽ ചെന്ന് പിടികൂടി. തുടർന്ന് വയനാട്ടിലെ കേസിൽ വിചാരണ നടക്കുമ്പാൾ വീണ്ടും ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു.കോടതിയുടെ വാറണ്ടുമായി ഞായറാഴ്ച ഗോവയിലെത്തിയ പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി ഫോൺ ഓഫ് ചെയ്ത് ബസ് മാർഗ്ഗം മുംബൈയിലേക്ക് രക്ഷപെടാൻ ശ്രമിക്കുമ്പോൾ പനാജി ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതി പോലീസ് പിടിയിലാകുന്നത്. SCPO മാരായ ഷുക്കൂർ പി.എ, നജീബ് കെ, വിനീഷ സി, ASI ബിനീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.