പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ മണ്ണുത്തി കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. പതിനെട്ട് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനാണ് സ്റ്റേ.
സിദ്ധാര്‍ത്ഥന്റെ അമ്മ എം.ആര്‍. ഷീബ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, പി.കെ. ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. മണ്ണൂത്തി കാമ്പസില്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ച സര്‍വകലാശാല ഉത്തരവിനെതിരെ 18 വിദ്യാര്‍ത്ഥികള്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പ്രവേശനം നല്‍കിയ ഉത്തരവ് പുനപരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഷീബ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. 2024 ഫെബ്രുവരി 18നായിരുന്നു സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്ന് സിദ്ധാര്‍ത്ഥ് ക്രൂരമായ മര്‍ദനത്തിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു. സര്‍വകലാശാല ക്യാമ്പസിന്റെ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തും വെച്ചാണ് സിദ്ധാര്‍ത്ഥ് മര്‍ദനത്തിനിരയായെതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.