വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആനി രാജ. മുള്ളന്‍കൊല്ലി കുന്നത്തു കവലയിലെ പ്രദേശങ്ങളിലാണ് സ്ഥാനാര്‍ഥിയെത്തിയത്. എല്‍ഡിഎഫ് പ്രതിനിധിസംഘം പ്രദേശം സന്ദര്‍ശിക്കുന്നതിനിടയിലാണ് ആനി രാജയും ഒപ്പം ചേര്‍ന്നത് കൃഷിയിടങ്ങളിലെത്തി കര്‍ഷകരുമായി സംസാരിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര ഇടപെലുകള്‍ നടത്തുമെന്നും മറ്റു പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കുമെന്ന് ആനി രാജ പറഞ്ഞു. സ്ഥാനാര്‍ഥിയൊടൊപ്പംകെ.സി റോസക്കുട്ടി ടീച്ചര്‍, ടി.ജെ ചാക്കോച്ചന്‍ എന്നിവര്‍ ഉണ്ടായിരുന്നു.
പി.സന്തോഷ് കുമാര്‍ എം പി യുടെയും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ ശശീന്ദ്രന്റെയും നേതൃത്വത്തിലായിരുന്നു എല്‍ഡിഎഫ് പ്രതിനിധിസംഘം സന്ദര്‍ശനം നടത്തിയത്. മുള്ളന്‍ കൊല്ലി കുന്നത്തുകവല നെല്ലാട്ട് തങ്കച്ചന്റെ കൃഷിയിടത്തിലാണ് സംഘം ആദ്യം എത്തിയത്. അഞ്ച് വര്‍ഷം മുമ്പ് വച്ച ആയിരത്തോളം കമുകുകളില്‍ അഞ്ഞൂറിലധികം കരിഞ്ഞുണങ്ങിയതായി തങ്കച്ചന്‍പറഞ്ഞു കൃഷിക്ക് വെള്ളം എടുത്തിരുന്ന കുളം പൂര്‍ണമായും വറ്റി.വിത്സന്റെ കരിഞ്ഞുണങ്ങിയ കുരുമുളക് തോട്ടത്തിലും സംഘമെത്തി. ഒരേക്കറോളം വരുന്ന തോട്ടം പൂര്‍ണമായും നശിച്ചു നട്ട് ആദ്യ തവണ വിളവ് എടുത്ത തോട്ടമാണ് കരിഞ്ഞുണങ്ങിയത്. ഭൂമി വീണ്ടുകീറിയ നിലയിലാണ് കൃഷിനശിച്ച് വായ്പാ തിരിച്ചടവ് ഉള്‍പ്പെടെ മുടങ്ങി പ്രതിസന്ധിയിലായതായി വിത്സന്‍ പറഞ്ഞു.
ചണ്ണോത്തു കൊല്ലിയിലെ ഫ്രാന്‍സീസ്, സണ്ണി, ഫ്രാന്‍സീസ് എന്നിവരുടെ കൃഷിയിടങ്ങളിലും സംഘമെത്തി. കാപ്പി, കുരുമുളക്, കമുക് ഉള്‍പ്പെടെയുള്ള വിളകള്‍ കരിഞ്ഞ നിലയിലാണ്. കൊളവള്ളി, ഗൃഹന്നൂര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംഘം മരക്കടവില്‍ എത്തി വറ്റിവരണ്ട കബനി നദി കണ്ടു.മുള്ളന്‍ കൊല്ലി പഞ്ചായത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസ് പരിസരവും സന്ദര്‍ശിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ സിപിഐ ജില്ലാ സെക്രട്ടറി ഇ.കെ ബാബു, ടി.വി. ബാലന്‍, സി.എം ശിവരാമന്‍, കെ.പി.ശശി കുമാര്‍, എം ടി ഇബ്രാഹിം, എം.എസ്.സുരേഷ് ബാബു, എ.വി.ജയന്‍. റെജി ഓലിക്കരോട്ട് , കെ.വി.ജോബി, എം.ബിബിനേഷ് എന്നിവരുമടങ്ങുന്ന സംഘമാണ് വരള്‍ച്ച ബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്.