സുല്‍ത്താന്‍ ബത്തേരി: വൃത്തിഹീനമായ ചുറ്റുപാട് കാരണം കുട്ടികളില്‍ അക്യൂട്ട് പോസ്റ്റ് സ്ട്രെപ്റ്റോകോക്കല്‍ ഗ്‌ളോമുറെലോ നെഫ്രൈറ്റിസ് അസുഖം കണ്ടെത്തിയ ബത്തേരിയിലെ തേലംപറ്റ ഈരംകൊല്ലി കോളനിയുടെ അവസ്ഥ രണ്ടു മാസം പിന്നിടുമ്പോഴും മലിനമായ ചുറ്റുപാടുകള്‍ക്ക് യാതൊരു മാറ്റവുമില്ല. മലിനമായ ജലത്തില്‍ നിന്ന് പകരുന്ന നോറോ വൈറസ് ബാധ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കോളനിയില്‍ വൃത്തിഹാനമായ അന്തരീക്ഷത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. മലിനമായ കിണറിലെ ജലമാണ് ഇവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
രണ്ട് മാസം മുമ്പ് അഞ്ച് കുട്ടികളില്‍ അക്യൂട്ട് പോസ്റ്റ് സ്ട്രെപ്റ്റോകോക്കല്‍ ഗ്ലോമുറെലോ നെഫ്രൈറ്റിസ് അസുഖം കണ്ടെത്തിയ കോളനിയാണിത്. കുട്ടികള്‍ക്ക് അസുഖം പിടിപെടാന്‍ കാരണം വൃത്തിഹീനമായ അന്തരീക്ഷമാണന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും സ്ഥലത്തെത്തി ക്യാമ്പും പരിസര ശുചീകരണം നടത്തുകയും ചെയ്തു. എന്നാല്‍ രണ്ട് മാസം പിന്നിടുമ്പോഴും കോളനിയുടെ വൃത്തിഹീനമായ അന്തരീക്ഷത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല.
നിലവില്‍ മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന നോറോ വൈറസ് ജില്ലയില്‍ സ്ഥിരീകരിച്ച പശ്ചാതലത്തിലും കോളനിയില്‍ പഴയ അവസ്ഥതന്നെയാണ് തുടരുന്നത്. കോളനിയില്‍ രണ്ട് കിണറുണ്ടങ്കിലും ഡ്രൈനേജുകളില്‍ നിന്നും മഴപെയ്യുമ്പോഴും കുത്തിയൊലിച്ചെത്തുന്ന മലിനജലവും കിണറുകളില്‍ കലരുന്നുണ്ടന്നും ഈ വെള്ളമാണ് വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നുമാണ് കോളനിക്കാര്‍ പറയുന്നത്.
കോളനിയില്‍ ഒരു സംഘടന സൗജന്യമായി കുഴല്‍ കിണര്‍ നിര്‍മ്മിച്ചു നല്‍കിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ട്രൈബല്‍ വകുപ്പോ മറ്റ് അധികാരികളോ തയ്യാറാകാത്തതിനാല്‍ ഇതും അനാഥമായി കിടക്കുകയാണ്. കുറഞ്ഞ സ്ഥലപരിധിയില്‍ 68 വീടുകളാണ് ഇവിടെ തിങ്ങിനിറഞ്ഞു സ്ഥിതിചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കോളനിക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് ആവശ്യമുയരുന്നത്.