വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ചയെത്തും. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍നിരയാണ് മണ്ഡലത്തിലെത്തുക. തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ സ്വീകരിക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് സുല്‍ത്താന്‍ ബത്തേരിയില്‍ റോഡ് ഷോയോടെയാണ് പര്യടനത്തിന് തുടക്കമാവുക.
തുടര്‍ന്ന് 11ന് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കും.12ന് മാനന്തവാടിയിലും 2.15ന് വെള്ളമുണ്ടയിലും മൂന്നിന് പടിഞ്ഞാറെത്തറയിലും റോഡ് ഷോ നടത്തും. ശേഷം അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ ,സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ സി.പി ചെറിയ മുഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.