കല്‍പ്പറ്റ സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഫെബ്രുവരി 20 മുതല്‍ 27 വരെ നടക്കുന്ന ആഘോഷവേളയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും നടക്കും. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ആയിരത്തോളം വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. ആരോഗ്യവകുപ്പിന് കീഴില്‍ നിര്‍മ്മിച്ച വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, എക്സൈസ് വകുപ്പിന്റെ ലഹരി മോചന ചികില്‍സാ കേന്ദ്രം, കല്‍പ്പറ്റ അമൃത്, സുഗന്ധഗിരിയിലെ വിവിധ വികസന പദ്ധതികള്‍, വിവിധ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച മൂന്ന് കുടിവെളള പദ്ധതികള്‍ തുടങ്ങിയവ ഉദ്ഘാടനം ചെയ്യും. അഞ്ച് കോടി രൂപമുതല്‍ മുടക്കുന്ന കര്‍ലാട് തടാകം പുനരുദ്ധാരണം, കല്‍പ്പറ്റ ടൗണ്‍ഹാള്‍, യുനസ്‌കോയുടെ സഹായത്തില്‍ നടപ്പാക്കുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തിക്കും തുടക്കം കുറിക്കും. പണി പൂര്‍ത്തീകരിച്ച പത്ത് സ്‌കൂള്‍ കെട്ടിടങ്ങളും പൂമല ബി.എഡ് സെന്ററിന്റെ പുതിയ കെട്ടിടവും നാടിന് സമര്‍പ്പിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കാണ് ജില്ലയിലെ ആഘോഷ പരിപാടികളുടെ മേല്‍നോട്ട ചുമതല. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ ഉണ്ടാകും. ജില്ലാതലത്തില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം, വികസന സെമിനാറുകള്‍, സാംസ്‌ക്കാരിക പരിപാടികള്‍, മീഡിയ കോണ്‍ക്ലേവ് എന്നിവയും സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പോലീസ് മേധാവി ആര്‍.കറപ്പസാമി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, എ.ഡി.എം കെ അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിവര്‍ പങ്കെടുത്തു.