വയോജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ മുന്‍ഗണനാ വിഷയമായി എടുക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം. വയോജന നയം, വയോജന പെന്‍ഷന്‍ കുടിശ്ശിക, വയോമിത്രം പരിപാടി ,സൗജന്യ പോഷകാഹാര വിതരണം, സമഗ്ര ഇന്‍ഷുറന്‍സ്, സാമൂഹിക ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കല്‍, നിര്‍ത്തലാക്കിയ റെയില്‍വേ കണ്‍സഷന്‍ പുനസ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ മുന്നണികള്‍ പരിഗണിക്കണമെന്നും ഇല്ലെങ്കില്‍ വോട്ട് ചെയ്യണമോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിര്‍ത്തലാക്കിയ റെയില്‍വേ കണ്‍സഷന്‍ പുനസ്ഥാപിക്കണമെന്നും ഓരോ വാര്‍ഡ് തോറും പകല്‍വീടുകള്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ആവശ്യങ്ങളെ സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ഉള്‍പ്പെടെ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ടി വി രാജന്‍ ,സെക്രട്ടറി ഇ.മുരളീധരന്‍, വൈസ് പ്രസിഡണ്ട് കെ ശശിധരന്‍, ട്രഷറര്‍ ജികെ ഗിരിജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.