കുടിവെള്ളം ക്ഷാമം രൂക്ഷമായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു. വേനലാരംഭത്തില്‍തന്നെ കിണറുകളിലെ വെള്ളം വറ്റിയതോടെ ആളുകള്‍ കുടിവെള്ളം വിലകൊടുത്ത് വാങ്ങിയാണ് കഴിഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നാണ് ഗ്രാമപ്പഞ്ചായത്തിലെ 18 വാര്‍ഡുകളിലും കുടിവെള്ള വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചത്. അതിരാറ്റ്കുന്ന് കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളമാണ് വാഹനങ്ങളില്‍ വിതരണത്തിനായി എത്തിക്കുന്നത്.
വെള്ളം ശേഖരിക്കാനുള്ള പാത്രങ്ങളുടെ കുറവ് മൂലം ഒരുദിവസത്തേക്കുള്ള വെള്ളം ശേഖരിക്കാന്‍ മാത്രമാണ് കുംടുംബങ്ങള്‍ക്ക് കഴിയുന്നത്. ശശിമല തറപ്പത്തുകവല പ്രദേശങ്ങളില്‍ ഒരു മാസം മുമ്പ്തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി ക്ഷീരകര്‍ഷകര്‍ പശുക്കളെ വിറ്റിരുന്നു. കബനിപ്പുഴയില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അടിയന്തിരമായി കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിച്ചത്. കുടിവെള്ളം ആവശ്യമുള്ളവര്‍ ഗ്രാമപ്പഞ്ചായത്തിനെ അറിയിച്ചാല്‍ ആ മേഖലയില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.