വര്‍ദ്ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് മലയോര കര്‍ഷകസംഘം. വിഷയത്തില്‍ വിദഗ്ധമായ വിശദീകരണവും ചര്‍ച്ചയും നടത്തുന്നതിന് നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പുല്‍പ്പള്ളി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വന്യജീവി ആക്രമണം പരിഹാരമെന്ത് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദീര്‍ഘനാളായി വിവിധ സംസ്ഥാനങ്ങളില്‍ വനം വകുപ്പിന്റെ ഉപദേഷ്ടാവായും വന സംരക്ഷകനായും പ്രവര്‍ത്തിച്ചുവരുന്ന നവാബ് ഷഫാത്ത് അലിഖാനും കേരള യൂണിവേഴ്‌സിറ്റി എത്യോപ്യയിലെ ആദ്യ യൂണിവേഴ്‌സിറ്റിയിലെയും പ്രൊഫസറുമായ ഡോക്ടര്‍ ബാലകൃഷ്ണന്‍ മലയോര കര്‍ഷക സംഘത്തിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് എം.ടി ബാബു എന്നിവര്‍ വിഷയാവതരണം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മലയോര കര്‍ഷകസംഘം പ്രസിഡണ്ട് കരുണാകരന്‍ വെള്ളക്കെട്ട്, സെക്രട്ടറി ഗിഫ്റ്റണ്‍ പ്രിന്‍സ് ജോര്‍ജ്, ട്രഷറര്‍ ജിനോ ജോര്‍ജ്, വൈസ് പ്രസിഡന്റ് ഷിജു മത്തായി ,ജോയിന്റ് സെക്രട്ടറി ബിജു തെക്കേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.