റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകൾക്ക് ഇനി പുതിയ പേര്. ഇൻഫർമേഷൻ സെന്റർ എന്ന പേര് സഹയോഗ് എന്നാക്കി മാറ്റി. സ്റ്റേഷനുകളിലെ പഴയ ബോർഡുകൾ നീക്കി സഹയോഗ് എന്ന പുതിയ ബോർഡുകളും സ്ഥാപിച്ചുകഴിഞ്ഞു.
പേരുമാറ്റം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും സഹയോഗ് എന്നുമാത്രമാണ് ഇപ്പോൾ എഴുതിയിട്ടുള്ളത്. ഇത് ഇൻഫർമേഷൻ സെന്ററാണെന്ന് യാത്രക്കാരിൽ പലർക്കും പിടികിട്ടുന്നില്ല. മുമ്പ് ഇൻഫർമേഷൻ സെന്റർ, സൂചനാ കേന്ദ്ര്, വിവരങ്ങൾ നൽകുന്ന സ്ഥലം എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയിരുന്നു.
റെയിൽവേ ഇൻഫർമേഷൻ സെന്ററുകളുടെ പേര് സഹയോഗ് എന്നാക്കിമാറ്റാൻ റെയിൽവേ ബോർഡ് എല്ലാ മേഖലാകേന്ദ്രങ്ങൾക്കും നിർദേശം നൽകിയിരുന്നു. പാലക്കാട് ഡിവിഷനിൽ ഒക്ടോബർ 27-നകം പേരുമാറ്റാൻ നിർദേശം വന്നതിനാൽ എല്ലായിടത്തും മാറ്റിക്കഴിഞ്ഞു.