പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ദിഖ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിന് നിവേദനം നല്‍കി
താമരശ്ശേരി ചുരം റോഡില്‍ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം അനുഭവപ്പെടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഈ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി ശാശ്വത പരിഹാരമാകും. പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാട് ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുകയും ചെയ്യും. കോഴിക്കോട്-വയനാട്-ബാംഗ്ലൂര്‍ കണക്റ്റിവിറ്റികള്‍ക്കിടയിലുള്ള സുഗമമായ ഇടനാഴിയായി മാറുകയും ചെയ്യും. കോഴിക്കോട്-കടിയങ്ങാട് – പൂഴിത്തോട്-മാനന്തവാടി – കുട്ട – ഗോണിക്കുപ്പ – മൈസൂര്‍ – ബാംഗ്ലൂര്‍ ചുരമില്ലാതെ 7 കിലോമീറ്റര്‍ മാത്രമാണ് ഈ റോഡ് വനമേഖലയിലൂടെയുള്ളത്. ഈ റോഡ് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും സാമ്പത്തികമായി വളരെ കുറഞ്ഞ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കാവുന്നതുമാണ്. പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടു.