അപൂര്‍വ്വ നേട്ടവുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

മേപ്പാടി: വയനാട് ജില്ലയിലെ ആദ്യത്തെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ച ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിന് മറ്റൊരു നേട്ടം കൂടി. പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ് എന്ന രോഗം ബാധിച്ച തരുവണ സ്വദേശികളായ ദമ്പതിമാരുടെ 6 വയസ്സുള്ള പെണ്‍ക്കുട്ടിക്ക് ഡിവൈസ് ക്ലോസര്‍ സാങ്കേതിക വിദ്യ ഉപോയോഗിച്ചുകൊണ്ട് നടത്തിയ ചികിത്സയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. എല്ലാ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയത്തിലും കാണപ്പെടുന്ന ദ്വാരമാണ് ഡക്റ്റസ് ആര്‍ട്ടീരിയോസസ്. ജനിക്കുമ്പോഴോ ജനിച്ചതിനു ശേഷമുള്ള ആദ്യ മണിക്കൂറികളിലോ പ്രകൃത്യാ അടയുന്ന ഈ ദ്വാരം ചില കുട്ടികളില്‍ അടയാതെ കാണപ്പെടുന്ന അവസ്ഥയാണ് പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ്. ഈ ദ്വാരത്തിലൂടെയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ താഴെ ഭാഗങ്ങളിലേക്കുവേണ്ട രക്തം ലഭിക്കുന്നത്. മുന്‍പ് സങ്കീര്‍ണ്ണമായ തുറന്ന ശസ്ത്രക്രിയയിലൂടെ മാത്രമായിരുന്നു ഇത്തരം ദ്വാരങ്ങള്‍ അടച്ചിരുന്നത്. എന്നാല്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിയുടെ ആവിര്‍ഭാവത്തോടെ പ്രസ്തുത ചികിത്സകള്‍ കുറേകൂടി നൂതനമായി. തുടര്‍ച്ചയായുള്ള ശ്വാസം തടസ്സം, കൂടിയ തോതിലുള്ള ഹൃദയമിടിപ്പ്, വളര്‍ച്ചാ കുറവ്, ഇടയ്ക്കിടെ ശ്വാസകോശത്തിന് ബാധിക്കുന്ന അണുബാധ എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. ഇടവിട്ടുള്ള പനി, ചുമ, കഫക്കെട്ട്, എന്നിവയെല്ലാം ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളായതുകൊണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തി ഈ രോഗമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മാസം തികയാതെയുള്ള പ്രസവം, ഡൌണ്‍ സിന്‍ഡ്രോം, റൂബെല്ല സിന്‍ഡ്രോം അഥവാ ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് റൂബെല്ല പോലുള്ള വൈറസ് പനി ബാധിച്ചിട്ടുണ്ടെങ്കിലോ കുട്ടിയെ ഈ രോഗത്തിലേക്കു നയിച്ചേക്കാം. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ചെറിയാന്‍ അക്കരപ്പറ്റിയുടെ നേതൃത്വത്തില്‍ കാത് ലാബിന്റെ സഹായത്തോടെ കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണന്‍, ഡോ. അനസ് ബിന്‍ അസീസ്, അനസ്‌തെസ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. അരുണ്‍ അരവിന്ദ്, ഡോ. അര്‍ജുന്‍ എന്നിവരടങ്ങുന്ന ടീമാണ് ഈ പ്രൊസീജിയര്‍ ചെയ്തത്. അധികദിവസം ആശുപത്രി വാസമോ വിശ്രമമോ രോഗിക്ക് ആവശ്യമില്ല എന്നതും ചുരുങ്ങിയ ദിവസം കൊണ്ട്തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്നതും ഈ ചികിത്സയുടെ നേട്ടമാണ്.ഒപ്പം സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ആയ ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഈ ചികിത്സ പൂര്‍ണ്ണമായും സൗജന്യമായാണ് രോഗിക്ക് നല്‍കിയത്.

0
Leave A Reply

Your email address will not be published.

error: Content is protected !!