ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്ര നടക്കുന്നതിനാല്‍ നാളെ പുല്‍പ്പള്ളി ടൗണില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ ടൗണില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല. വൈകുന്നേരം 5 മുതല്‍ ടൗണിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടും. മുള്ളന്‍കൊല്ലി, പാളക്കൊല്ലി, ചേകാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വടാനക്കവല, പച്ചക്കറിമുക്ക് വഴി താന്നിത്തെരുവിലേക്കും ബത്തേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഷെഡ് വഴി താന്നിത്തെരുവിലേക്ക് തിരിച്ചുവിടും. കേണിച്ചിറയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഏരിയപ്പള്ളിയില്‍ നിന്നും തിരിച്ചുപോകണം. ആനപ്പാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ജോസ് തിയേറ്റര്‍ വഴി മീനംകൊല്ലി ഭാഗത്തേക്ക് പോകണം. സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും പുല്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ എ. അനന്തകൃഷ്ണന്‍ പറഞ്ഞു.