ക്രിസ്തുമസ് അവധിയില്‍ സഞ്ചാരികളുടെ ഒഴുക്ക്

0

ക്രിസ്തുമസ് അവധിയില്‍ വന്യജീവിസങ്കേതം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ആറ് ദിവസം കൊണ്ട് മുവ്വായിരത്തിലേറെ പേരാണ് മുത്തങ്ങ വന്യജീവിസങ്കേതം കാണാനായെത്തിയത്. ജില്ലയിലെ മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപെടുന്നത്.

 

വയനാട് വന്യജീവിസങ്കേതത്തില്‍ കാനന സഫാരിക്കായി എത്തുന്നവരുടെ എണ്ണം ദിനംപ്രതിയാണ് വര്‍ദ്ധിക്കുന്നത്. ക്രിസ്തുമസ് അവധിക്കാലമായ ഇപ്പോള്‍ രാവിലെയും വൈകിട്ടും നിരവധിപേരാണ് കാടും വന്യമൃഗങ്ങളെയും കാണാനായി ഇവിടേക്ക് എത്തുന്നത്. ക്രിസ്തുമസ് തലേന്നുമുതല്‍ 28വരെ 3171 പേരാണ് വന്യജീവിസങ്കേതം സന്ദര്‍ശിച്ചത്. ഇതില്‍ 35 വിദേശികളുമാണ്. 23 സീറ്റുകളുളള നാല് ബസ്സുകളാണ് സഞ്ചാരികളുമായി വനത്തിലൂടെ പത്ത് കിലോമീറ്റര്‍ സഞ്ചരിക്കുക. ആവശ്യമെങ്കില്‍ കരാറടിസ്ഥാനത്തില്‍ ഓടുന്ന ജീപ്പുകളും സര്‍വ്വീസ് നടത്തും. രാവിലെ ഏഴുമണി മുതല്‍ പത്ത് മണിവരെയും, വൈകിട്ട് മൂന്ന് മണിമുതല്‍ അഞ്ച് മണിവരെയുമാണ് സഫാരി. മുതിര്‍ന്നവര്‍ക്ക് 300 രൂപയും, കുട്ടികള്‍ക്ക് 150 രൂപയും വിദേശികളായ സഞ്ചാരികള്‍ക്ക് 600 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം ജീപ്പില്‍ കാടുചുറ്റിസഞ്ചരിക്കാന്‍ നാല് പേര്‍ക്ക് രണ്ടായിരം രൂപയുമാണ് ഈടാക്കുന്നത്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. അവധിയായതോടെ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!