ചോളത്തണ്ട് വയനാട് ജില്ലയിലേക്ക് കയറ്റിവിടുന്നത് തടഞ്ഞുള്ള കര്‍ണാടകയുടെ ഉത്തരവിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലേക്ക് നടത്തിയ ക്ഷീരകര്‍ഷക മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കര്‍ണാടകയുടെ നിലപാട് ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു നയം കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ജില്ലയിലെ ക്ഷീരകര്‍ഷകരെയെന്ന പോലെതന്നെ കര്‍ണാടകയിലെ ചോളം കര്‍ഷകരെയും പ്രതികൂലമായി ബാധിക്കും. പ്രശ്നം പരിഹരിക്കാന്‍ വയനാട് എം.പി രാഹുല്‍ഗാന്ധി എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നും ഇ.പി ജയരാജന്‍ ചോദിച്ചു.
രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ജില്ലാകലക്ടര്‍ക്ക് കഴിയില്ല. അപ്പോള്‍ ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ചതിനുപിന്നില്‍ കര്‍ണാടക സര്‍ക്കാറാണ്. ഇതിനുപിന്നില്‍ കോര്‍പ്പറേറ്റ് വല്‍ക്കരണമാണ്. കുത്തകകളുടെ കാലീതീറ്റ വിറ്റഴിക്കാന്‍ കേരളമാര്‍ക്കറ്റിനെ ഉപയോഗപ്പെടുത്താനാണ് ഈതീരുമാനം. അതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള നിയമം ജനവിരുദ്ധവുംകര്‍ഷക വിരുദ്ധവുമാണ്. ഇതിനുപരിഹാരം കാണാന്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷി നേതാക്കളെല്ലാം ചേര്‍ന്ന് ബംഗളൂരൂവില്‍ എത്തി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കണം. കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിക്കുന്ന ഈ തെറ്റായ നിലപാട തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ കര്‍ഷക പ്രതിഷേധം ഉയരുമെന്നും ഇ.പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. ജില്ലയിലെ ക്ഷീരകര്‍ഷകരുടെപ്രശ്നം എന്നനിലയില്‍ ഒരു എം.എല്‍.എ നിലപാട് സ്വീകരിച്ചപ്പോള്‍ രണ്ട് എം.എല്‍.എമാര്‍ തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനുപുറമെ രാത്രിയാത്രനിരോധനവും പ്രധാനപ്രശ്നമാണ്. ഈ രണ്ട് വിഷയത്തിലും രാഹുല്‍ ഗാന്ധി എം.പി എന്തുനിലപാടെടുത്തുവെന്നും അദ്ദേഹം ചോദിച്ചു. ഈ രണ്ട് വിഷയങ്ങളും കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചാല്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രനിരോധനം മൃഗങ്ങള്‍ക്കല്ല ജനങ്ങള്‍ക്കെതിരെയാണ്. രാഹുല്‍ഗാന്ധി എം പി ഇടപെട്ട് നിലവില്‍ വയനാട് അനുഭവിക്കുന്ന ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. വയനാട് ജില്ലയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊന്‍കുഴിയില്‍ നിന്നാണ് നൂറുകണക്കിന് കര്‍ഷകര്‍ അണിനിരന്ന മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ മുദ്രാവാക്യംവിളിച്ച് നടന്നാണ് ക്ഷീരകര്‍ഷകര്‍ അതിര്‍ത്തിയായ മൂലഹള്ളയിലേക്ക് എത്തിയത്. കേരള സംസ്ഥാന അതിര്‍ത്തിയില്‍വെച്ച് പൊലിസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ സിപിഐ ജില്ലാസെക്രട്ടറി ഇ.ജെ ബാബു അധ്യക്ഷനായി. എല്‍.ഡി.എഫ് കണ്‍വീനര്‍ സി. കെ ശശീന്ദ്രന്‍, പി. ഗഗാറിന്‍, കെ. ജെ ദേവസ്യ, സി.എം. ശിവരാമന്‍, കുര്യക്കോസ് മുള്ളന്‍മട, ടി.ശശികുമാര്‍, മുഹമ്മദ് പഞ്ചാര, കെ. കെ ഹംസ, പി. എം ജോയി എന്നിവര്‍ സംസാരിച്ചു.