എടവകയിലെ അച്ചാമ്മയ്ക്കും മകനും കെ.എസ്.എസ്.പിയുവിന്റെ സ്‌നേഹവീടൊരുങ്ങുന്നു
എടവക ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡായ പയിങ്ങാട്ടിരിയിലെ അമ്പലവയലില്‍ താമസിക്കുന്ന ചക്കുകുടിയില്‍ അച്ചാമ്മയ്ക്കും മകന്‍ റോയിക്കുമായി വീടുനിര്‍മിച്ചു നല്‍കാന്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് എടവക അമ്പലവയലില്‍ വിളിച്ചു ചേര്‍ത്ത സ്വാഗതസംഘംയോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി യോഗം ഉദ്ഘാടനം ചെയ്തു.
എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു. സംസ്ഥാന സെക്രട്ടറി എസ്.സി. ജോണ്‍ വീടുനിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് എം. ചന്ദ്രന്‍, ട്രഷറര്‍ കെ.ആര്‍. സദാനന്ദന്‍, പയിങ്ങാട്ടിരി വാര്‍ഡംഗം സി.സി. സുജാത, കെ.എസ്.എസ്.പി.യു മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. ലൂയിസ്, സെക്രട്ടറി കെ. സത്യന്‍, എ.കെ. മോസസ്, കെ.സി. നാരായണന്‍, മാലിക് മുഹമ്മദ്, പുനത്തില്‍ രാജന്‍, തോട്ടാന്‍ മൊയ്തൂട്ടി, മലയില്‍ ബാബു , ഫാ. കോശി ജോര്‍ജ്, ഷഹീം ഫൈസി, ടി. ഗോപിനാഥന്‍, എം. ഗംഗാധരന്‍, സി.എം. അന്ന, എം. കരുണാകരന്‍, പി. കാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
72കാരിയായ അച്ചാമ്മ 45 വയസ്സു പിന്നിട്ട മാനസികവെല്ലുവിളി നേരിടുന്ന മകന്‍ റോയിക്കൊപ്പമാണ് താമസം. അടച്ചുറപ്പില്ലാത്ത വീടില്ലാത്തതിനാല്‍ ഇവരുടെ ജീവിതം ഏറെ പ്രയാസത്തിലായിരുന്നു. താമസിച്ചിരുന്ന കാലപ്പഴക്കംചെന്ന വീടു തകര്‍ന്നു വീണതിനെ തുടര്‍ന്നു വീടിനു പിറകില്‍ ഷെഡ്ഡ് കെട്ടിയായിരുന്നു അച്ചാമ്മയും മകനും കഴിഞ്ഞിരുന്നത്. അഞ്ചര ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മിക്കുന്ന വീടിന്റെ പണി ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.