ഐടി ചട്ടം ഭേദഗതി ചെയ്തു; പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍തല സംവിധാനം

0

 

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം വരും. കമ്പനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കാം.ഐടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് 2021ല്‍ കേന്ദ്രം പുറത്തിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ഇടപെടലുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രം നിയമിക്കുന്ന, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സമിതി മൂന്നു മാസത്തിനകം നിലവില്‍ വരും. ഇതില്‍ ചെയര്‍പഴ്‌സന്‍ അടക്കം മൂന്നു സ്ഥിരം അംഗങ്ങളാകും ഉണ്ടാവുക. അതോടൊപ്പം വിദഗ്ധരുടെ സഹായവും സമിതി തേടും.

സമൂഹമാധ്യമ കമ്പനികള്‍ സ്വന്തം നിലയ്ക്ക് രൂപീകരിച്ചിരിക്കുന്ന പരാതി പരിഹാര സംവിധാനങ്ങളുടെ തീര്‍പ്പുകളില്‍ പരാതിക്കാരന് അസംതൃപ്തിയുണ്ടെങ്കില്‍ സര്‍ക്കാര്‍ സമിതിയെ സമീപിക്കാം. പരാതി നല്‍കി 30 ദിവസം കൊണ്ട് നടപടി സ്വീകരിച്ചു തീരുമാനമുണ്ടാകുമെന്നും ഭേദഗതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയവയ്ക്ക് ഇന്ത്യയിലെ നിയമങ്ങള്‍ പൂര്‍ണമായും ബാധകമാണ് എന്നും പുതിയ ചട്ടം നിര്‍ദേശിക്കുന്നു. പുതിയ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!