വയനാട് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ വയനാട് ബൈസൈക്കിള്‍ ചലഞ്ച് രണ്ടാം എഡിഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ അഞ്ചിന് രാവിലെ 7 മണിക്ക് ഓഷിന്‍ ഹോട്ടല്‍ പരിസരത്ത് ജില്ലാ പോലീസ് മേധാവി പഥംസിംഗ് ഫ്‌ളാഗ് ഓഫ് ചെയ്യും.
മുട്ടില്‍, മീനങ്ങാടി, കൊളഗപ്പാറ, അമ്പലവയല്‍, മേപ്പാടി വഴി സഞ്ചരിച്ച് കല്‍പ്പറ്റ ബൈപ്പാസില്‍ സമാപിക്കും. സമാപന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ടി സിദ്ധിഖ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കേയംതൊടി, സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, ഡി ടി പി സി സെക്രട്ടറി അജേഷ് കെ ജി തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം-2023 ന്റെ ഭാഗമായി വയനാട് ജില്ലയില്‍ സുസ്ഥിര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേവുമായി വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വയനാട് ബൈക്കേഴ്‌സ് ക്ലബ്ബും സംയുക്തമായാണ് ഇത്തവണ വയനാട് ബൈസൈക്കിള്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. ഡോ. മുഹമ്മദ് സാജിദ്, ഷൈജല്‍ കുന്നത്തു, അബ്ദുല്‍ ഹാരിഫ്, സുധീഷ് സിപി, ശാദുലി പുനത്തില്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.