ലക്ഷ്യം കേരളത്തിലെ ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റമെന്ന് ആരോ​ഗ്യമന്ത്രി; സംസ്ഥാനത്തെ 38 പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി

0

കേരളത്തിലെ ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിദഗ്ദ ചികിത്സ കേന്ദ്രങ്ങളില്‍ വരെ സമഗ്രമായി ഇടപെട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടപ്പാക്കുന്നതെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. സംസ്ഥാനത്തെ 38 പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന ചടങ്ങ് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നും അവിടെ എല്ലാ ആളുകളെയും തന്നെ ശ്രദ്ധിക്കാനായാല്‍ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഏറ്റവും അപകടകരമായ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ജീവിതശൈലീ രോഗങ്ങളും ഉയര്‍ന്ന ജനസാന്ദ്രതയും പ്രായമായ ആളുകളുടെ എണ്ണത്തിലുള്ള വര്‍ധനയുമാണ് അതിനു കാരണം. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ മാതൃകാപരമായ സേവനമാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറുന്നതോടെ വൈകീട്ട് ആറ് മണി വരെ ഒ.പി ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ആളുകള്‍ക്ക ലഭിക്കും. മൂന്ന് ഡോക്ടര്‍മാരുടെ സേവനം, മികച്ച സൗകര്യങ്ങളോടു കൂടിയ ലാബ്, ഇമ്മ്യൂണൈസേഷന്‍ മുറികള്‍, കാത്തിരുപ്പു സ്ഥലങ്ങള്‍, മുലയൂട്ടല്‍ കേന്ദ്രം എന്നിവയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയില്‍ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉത്‌ഘാടനം ആണ് ആരോഗ്യ മന്ത്രി നിര്‍വഹിച്ചത്. കീഴ്മാട്, ചിറ്റാറ്റുകര, ബിനാനിപുരം എന്നി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തൃക്കാക്കര, തമ്മനം, മൂലംകുഴി എന്നീ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരിക്കുന്നത്. ഇവക്ക് പുറമെ തൃപ്പൂണിത്തുറ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം കഴിഞ്ഞ ആഗസ്തില്‍ നഗരകുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയിരുന്നു. ചമ്ബക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തികള്‍ നടന്നുവരുന്നു.

39.25 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആണ് ചിറ്റാറ്റുകര കുടുംബാരോഗ്യകേന്ദ്രത്തില്‍ നടത്തിയിരിക്കുന്നത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയില്‍ പെടുത്തി 14 ലക്ഷം രൂപയും പ്രളയത്തിന്റെ ഭാഗമായി ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി 12 ലക്ഷം രൂപയും സ്‌പോണ്‍സര്‍ഷിപ്പിലൂടെ 13.25 ലക്ഷം രൂപയും ആണ് ഇതിനായി ഉപയോഗിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആണ് ഈ തുക നല്‍കിയത്.

ദേശീയ ആരോഗ്യദൗത്യം അനുവദിച്ച 14 ലക്ഷം രൂപക്ക് പുറമെ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി കീഴ്മാട് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കുന്നത്. ദേശീയ ആരോഗ്യദൗത്യത്തില്‍ നിന്നും അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.

ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയില്‍ പെടുത്തി അനുവദിച്ച 7.80 ലക്ഷം രൂപ ചെലവഴിച്ചാണ് തൃക്കാക്കര നഗരാരോഗ്യകേന്ദ്രത്തെ നഗര കുടുംബാരോഗ്യകേന്ദ്രമാക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സും നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്സും തൃക്കാക്കരക്ക് ലഭിച്ചിട്ടുണ്ട്.

ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയില്‍ പെടുത്തി അനുവദിച്ച 9.63 ലക്ഷം രൂപ ചെലവഴിച്ചാണ് തമ്മനം നഗരപ്രാഥമികാരോഗ്യകേന്ദ്രം നവീകരിച്ചത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ പദ്ധതിയില്‍ പെടുത്തി അനുവദിച്ച 5.94 ലക്ഷം രൂപ ചെലവഴിച്ചാണ് മൂലംകുഴി നഗരകുടുംബാരോഗ്യകേന്ദ്രം നവീകരിച്ചത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ ഒന്നാം ഘട്ടത്തില്‍ 14ഉം രണ്ടാം ഘട്ടത്തില്‍ 15 ഉം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!