നഷ്ടക്കണക്കുകള്‍ മാത്രം; സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ 9 മുതല്‍ പണിമുടക്കിലേക്ക്

0

കല്‍പ്പറ്റ: കോവിഡ് മഹാമാരിക്ക് ശേഷം കരകയറാനാകാത്ത നഷ്ട കണക്കുകളില്‍പ്പെട്ടുഴലുന്ന സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് നവംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

കോവിഡ് കാലത്ത് നിര്‍ത്തിയിട്ട പല ബസുകളും ലക്ഷങ്ങള്‍ മുടക്കിയാണ് വീണ്ടും നിരത്തിലിറക്കിയത്. കോവിഡ് തുടങ്ങിയപ്പോള്‍ 63 രൂപയായിരുന്നു ഡീസല്‍ വില. ഇന്ന് 103 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പ്രതിദിനം 3000 രൂപയാണ് ഈ ഇനത്തില്‍ മാത്രം ഓരോ ബസിനും അധിക ചിലവ്. സര്‍വ്വീസ് പുനരാരംഭിച്ചപ്പോള്‍ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു.

പല ബസുകളും ഓടാന്‍ പറ്റാതായതോടെ ജീവനക്കാര്‍ക്കും ജോലി നഷ്ടമായി. സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ചതോടെ ചില ബസുടമകള്‍ ആത്മഹത്യയില്‍ അഭയം തേടി. സ്ഥിതി ഗതികള്‍ ഇതായിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യ ബസ് സംരംഭത്തെ സംരക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബസ് ഉടമകള്‍ സംയുക്തമായി സമരം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു.

ധനകാര്യ സ്ഥാപനങ്ങളുടെ പീഡനവും സ്വകാര്യ ബസുടമകള്‍ നേരിടുന്നുണ്ടെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ പല ബസുകളും സര്‍വ്വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന അവസ്ഥയിലാണെന്ന് ഇവര്‍ പറയുന്നു അടിയന്തരമായി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!