വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങളും കുമ്മട്ടി കടയും കത്തി നശിച്ചു
നെന്മേനി ചുള്ളിയോട് പൊന്നംകൊല്ലിയിലാണ് സംഭവം. പ്രദേശവാസിയായ മംഗലത്ത് അഖില്‍ ശശികുമാറിന്റെ വീട്ട് മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാര്‍, സുഹൃത്ത് അക്ഷയുടെ ബൈക്ക്, 200 മീറ്റര്‍ മാറി ബെന്നി എന്നയാളുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടി, സമീപത്തെ മധു എന്നയാളുടെ കുമ്മട്ടി കട എന്നിവയാണ് കത്തി നശിച്ചത്. ഇതില്‍ സ്‌കൂട്ടിയും, കുമ്മട്ടി കടയും ഭാഗികമായാണ് കത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പുറത്ത് നിന്ന് തീ ഉയരുന്നത് കണ്ട് അഖില്‍ നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടനെ പൊലിസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ഇതില്‍ അഖിലിന്റെ കാറും, അക്ഷയയുടെ ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. തീ പിടിച്ച സാഹചര്യത്തെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.