മികച്ച പി.ടി.എ.യ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.

0

2022 -23 അധ്യയന വർഷത്തിൽ പ്രൈമറി വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച നാലാമത്തെ പി.ടിഎ. യായി കൈതക്കൽ . ജി. എൽ. പി.എസ്. തെരഞ്ഞെടുക്കപ്പെട്ടു.വ്യത്യസ്തവും വൈവിധ്യങ്ങളുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുക വഴിയാണ് പി ടി എ ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ കൊച്ചു വിദ്യാലയം, ഈ അവാർഡ് നേടുക വഴി ഗ്രാമപഞ്ചായത്തിനും, വയനാട് ജില്ലക്കും അഭിമാനമായി മാറിയിരിക്കുകയാണ്.പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസുകളിലായി 300 വിദ്യാർത്ഥികളും 20 ജീവനക്കാരും ഈ വിദ്യാലയത്തിൽ ഉണ്ട്. ആകെ വിദ്യാർത്ഥികളുടെ നാൽപത് ശതമാനത്തി ലധികം വരുന്ന എസ്.ടി വിഭാഗം കുടുംബങ്ങളുടെ ശാക്തീകരണമാണ് കഴിഞ്ഞവർഷം പിടിഎ ഏറ്റെടുത്തു നടത്തിയ പ്രധാന പ്രവർത്തനങ്ങളി ലൊന്ന്.കോളനികൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, എക്സൈസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ ക്ലാസുകൾ,ഏഴ് പ്രധാനപ്പെട്ട കോളനികളെ കേന്ദ്രീകരിച്ചുള്ള കോർണർ പി ടി എ കൾ എന്നിവ ഈ മേഖലയിലെ പ്രധാന പ്രവർത്തനങ്ങളാണ്.

പൂർവ്വ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനു മായ ഷൈജു കെ. ജോർജിന്റെ മുഖ്യ പങ്കാളിത്തത്തോടു കൂടെ 2022 ഡിസംബർ 10,11 തീയതികളിൽ നടത്തിയ ഗോത്ര ഫെസ്റ്റ് നാടിന്റെ തന്നെ ഉത്സവമാക്കി മാറ്റാൻ പിടിഎ ക്ക് കഴിഞ്ഞു. അന്യം നിന്നു പോകുന്ന ഗോത്ര കലകളുടെ പ്രദർശനവും, ബോധവൽക്കരണ ക്ലാസുകളും, പുരാവസ്തുക്കളുടെ പ്രദർശനവുമെല്ലാം മേളയുടെ മുഖ്യ ആകർഷകങ്ങളായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ 75- വാർഷികം വ്യത്യസ്തമായ രീതിയിലാണ് ഈ വിദ്യാലയം ആഘോഷിച്ചത്. 75 വയസ്സു കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളായ ആളുകളെ ഈ വിദ്യാലയത്തിൽ എത്തിച്ച് പി ടി എ യുടെ നേതൃത്വത്തിൽ ആദരിച്ചത് വളരെ വാർത്താ പ്രാധാന്യം നേടിയ ഒന്നാണ് .

വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് പി ടി എ.യുടെ നിരന്തര ഇടപെടൽ മൂലം ബഹുരാജ്യ സഭ എംപി ശ്രീ.ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ മുടക്കി സ്കൂൾ ബസ് ഏർപ്പെടുത്തിയത് പി ടി എ യുടെ മറ്റൊരു പ്രധാന നേട്ടമാണ്.

അക്ഷരജ്ഞാനം കുറഞ്ഞ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായി കോളനികൾ കേന്ദ്രീകരിച്ച് പഠന വീടുകളിലൂടെ പ്രത്യേക പരിശീലനം ഏർപ്പെടുത്താൻ പി ടി എ യ്ക്ക് സാധിച്ചു.

സ്കൂളിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പ്രാദേശികമായ ഫണ്ട് ശേഖരണത്തിലൂടെ നടത്തുകയും വിവിധ ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തത് പി ടി എയുടെ മികവുകളായി കണക്കാക്കുന്നു .

പി ടി എയുടെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ച്, വിഭവങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.

വിവിധങ്ങളായ ആഘോഷ പരിപാടികളിലെ വൻതോതിലുള്ള ജനപങ്കാളിത്തം കൊണ്ട് സ്കൂളിനെ സമൂഹത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റാൻ പി ടിഎക്ക് കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും പ്രധാനം. എം പി, എം. എൽ.എ അടക്കമുള്ള ജനപ്രതിനിധികളെ സഹകരിപ്പിച്ചുകൊണ്ട് വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാൻ പി ടി എ ക്ക് ഈ കാലയളവിൽ സാധിച്ചു എന്നത് പരമപ്രധാനമായ കാര്യമാണന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.

അവാർഡ് തുക സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ച പ്പെടുത്താൻ ഉപയോഗിക്കുമെന്നും ഇവർ പറഞ്ഞു.

അബ്ദുൽ നാസർ പി ടി എ പ്രസിഡണ്ട് ആയും സിദ്ധീഖ് വൈസ് പ്രസിഡണ്ട് ആയും , മിയ ചാർലി എം പി ടി എ പ്രസിഡണ്ടായും സലിം, എസ് എം സി ചെയർമാനുമായുള്ള 15 അംഗ കമ്മിറ്റിയാണ് സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!