18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

0

സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഹൃദ്രോഗമുള്‍പ്പടെ ഗുരുതര അസുഖമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന. ചികിത്സാ രേഖകളും അപേക്ഷകളും ജില്ലാതലത്തില്‍ പരിശോധിച്ച ശേഷം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുന്‍ഗണന വിഭാഗത്തിലായി 1,90,745 പേരാണ് വാക്‌സിനേഷനായി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രോഗവുമായി ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്തത് 40786 പേര്‍ മാത്രമാണ്.

കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാകുന്ന രോഗങ്ങളുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹബാധിതര്‍, വൃക്ക, കരള്‍ രോഗികള്‍ തുടങ്ങി 20 തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന.
ആരോഗ്യ വകുപ്പിന്റെ ജില്ലാതല പരിശോധനകള്‍ക്ക് ശേഷം 1421 പേര്‍ക്ക് മാത്രമാണ് വാക്‌സിനെടുക്കാനുള്ള അനുമതി ലഭിച്ചത്.
വാക്‌സിനെടുക്കേണ്ട സ്ഥലവും, തീയതിയും, സമയവും കൃത്യമായി എസ്എംഎസ് വഴി നല്‍കുന്നതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാനായിട്ടുണ്ട്. ആദ്യം അപേക്ഷിച്ച് അനുമതി ലഭിക്കാത്തവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരമുള്‍പ്പടെ ചില ജില്ലകളില്‍ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഒരു വാക്‌സിനേഷന്‍ കേന്ദ്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം 45 ന് മുകളില്‍ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷന്‍ നടപടികളും സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!