വേള്‍ഡ് ബ്ലൈന്‍ഡ് ഗെയിംസില്‍ നിബിന്‍ മാത്യുവിന് വെങ്കലം.
ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്‌സ് ഫെഡറേഷന്‍ നേതൃത്വം നല്‍കുന്ന 2023 ഇബ്‌സ വേള്‍ഡ് ബ്ലൈന്‍ഡ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വയനാട് സ്വദേശിയായ നിബിന്‍ മാത്യു ബ്ലൈന്‍ഡ് ടെന്നീസ് മത്സരത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി വെങ്കല മെഡല്‍ നേടി.ഓഗസ്റ്റ് 18 മുതല്‍ 27 വരെ നീണ്ടു നിന്ന വേള്‍ഡ് ഗെയിംസ് ലണ്ടനിലെ ബിര്‍മിങ് ഹാമില്‍ ബിസ്ലി ടെന്നീസ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്.പതിനെട്ടോളം രാജ്യങ്ങളില്‍ നിന്നുമുള്ള കായിക താരങ്ങള്‍ അന്താരാഷ്ട്ര മത്സരത്തില്‍ മാറ്റുരച്ചിരുന്നു. ലൂസേഴ്‌സ് ഫൈനലില്‍ സ്‌പെയിനിന്റെ കാര്‍ലോസ് ആര്‍ബോസ് ഗിനാര്‍ഡിനെയാണ് നിബിന്‍ പരാജയപ്പെടുത്തിയത്.
നിബിന്‍ ജോലി ചെയ്യുന്ന ബോഷ് ഗ്ലോബല്‍ സോഫ്റ്റ്വെയര്‍ ടെക്‌നോളജീസ് (BGSW) എന്ന കമ്പനിയാണ് നിബിന്റെ സ്‌പോണ്‍സര്‍. ബ്ലൈന്‍ഡ് ടെന്നീസിന്റെ വളര്‍ച്ച ഇന്ത്യയില്‍ പ്രാരംഭഘട്ടത്തിലാണ്. 2020-ല്‍ നിബിന്‍ ആദ്യ നാഷണല്‍ ബ്ലൈന്‍ഡ് ടെന്നിസ് ചാമ്പ്യന്‍ ആയെങ്കിലും, ഇറ്റലിയില്‍ നടക്കേണ്ടിയിരുന്ന ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് ടെന്നിസ് അസ്സോസിയേഷന്‍ (IBTA) വേള്‍ഡ് ബ്ലൈന്‍ഡ് ടെന്നിസ് ചാംപ്യന്‍ഷിപ് കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ റദ്ദാക്കിയിരുന്നു. 2021ലും 2022ലും തുടര്‍ന്ന് മത്സരങ്ങള്‍ നടന്നിരുന്നില്ല. ഇതാദ്യമായാണ് നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇബ്‌സ (ഐ.ബി.എസ്.എ) വേള്‍ഡ് ഗെയിമില്‍ ബ്ലൈന്‍ഡ് ടെന്നീസ് ഉള്‍കൊള്ളിക്കുന്നത്. ഇബ്റ്റ ( IBTA )യുടെ ഇന്ത്യന്‍ പ്രതിനിധി എന്ന നിലയില്‍ ബ്ലൈന്‍ഡ് ടെന്നീസിന്റെ വളര്‍ച്ചയ്ക്കായി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും പുതിയ ടെന്നീസ് അത്ലറ്റുകള്‍ക്ക് പരിശീലനവും പ്രചോദനം നല്‍കുകയും ചെയ്യുക എന്നതും നിബിന്റെ ചുമതലയാണ്. വയനാട് കാക്കവയല്‍ തെനേരി സ്വദേശികളായ പുള്ളോലിക്കല്‍ മാത്യു – മേരി ദമ്പതികളുടെ മകനാണ് നിബിന്‍. ജി.എച്ച്.എസ്. കാക്കവയല്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്. , ഫാറൂഖ് കോളേജ്, ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിലായിരുന്നു നിബിന്റെ വിദ്യാഭ്യാസം.