ചോര്‍ന്നൊലിക്കാതെ ഇനി കിടക്കാം: ആദിവാസികള്‍ക്കുള്ള ഓണസമ്മാനവുമായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍

0

ആദിവാസി സഹോദരങ്ങള്‍ക്കുള്ള ഓണ സമ്മാനമായി പുതിയ പദ്ധതിയൊരുക്കി നടന്‍ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ് ആദിവാസി സഹോദരങ്ങള്‍ക്കുള്ള ഓണ സമ്മാനമൊരുക്കി വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ എത്തിയത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങളിലേക്ക് എത്തിയത്. ചോര്‍ന്നൊലിച്ചു ദുരിതത്തില്‍ കഴിയുന്ന 50 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് ടാര്‍പോളിന്‍ നല്‍കിയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടന ആശ്വാസമായി മാറിയത്. പുല്‍പ്പള്ളി വനം വകുപ്പിന്റെ കീഴിലുള്ള ഉള്‍ക്കാടിനുള്ളിലെ ആദിവാസി കോളനികളായ വെട്ടത്തൂര്‍ കോളനി, വണ്ടിക്കടവ് കോളനി, ചെത്തിമറ്റം കോളനി എന്നിവിടങ്ങളിലാണ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 50 ഓളം കുടുംബങ്ങള്‍ക്ക് ടാര്‍പോളിന്‍ വിതരണം ചെയ്തത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയുടെ നേതൃത്വത്തിലാണ് ടാര്‍പോളിന്‍ ആദിവാസി ഊരുകളില്‍ എത്തി വിതരണം നല്‍കിയത്.
ദുരിതമനുഭവിക്കുന്നവരുടെ ആവശ്യം ഫോറസ്റ്റ് അധികൃതത്തിലൂടെ നേരത്തെ തന്നെ മമ്മൂട്ടിയെ അറിയിച്ചതിനെ തുടര്‍ന്ന് ടാര്‍പോളിന്‍ നല്‍കാമെന്നു അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദിന്റെ ആദിവാസി സമൂഹത്തോടുള്ള പ്രത്യേക താല്പര്യമാണ് കെയര്‍ ആന്‍ഡ് ഷെയറിനെ ആദിവാസി ഊരുകളില്‍ എത്തിച്ചത്. കേരളത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ആദിവാസി സമൂഹം വയനാട് ജില്ലയില്‍ ആണെന്നും അവരുടെ വിവിധ ആവശ്യങ്ങളുമായി ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയും സഹായ ഹസ്തവുമായി എത്തുന്നതെന്നും അതിനു മമ്മൂട്ടിയോടും അദ്ദേഹത്തിന്റെ സംഘടനയോടും നന്ദി അറിയിക്കുന്നുവെന്നും റേഞ്ചര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം മണി പാമ്പാനാല്‍, ഫോറസ്റ്റ് ഓഫീസര്‍മാരായ സജി, മണികണ്ഠന്‍, സതീഷ്, ചിഞ്ചു എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!